ഡോര്‍ട്മുണ്ട്: ഇരട്ട ഗോളുകളുമായി തിളങ്ങിയ സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ടിന്റെ മികവില്‍ സെവിയയെ മറികടന്ന് ബൊറൂസ്സിയ ഡോര്‍ട്മുണ്ട് ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഇരുപാദങ്ങളിലുമായി 5-4 എന്ന സ്‌കോറിനാണ് ഡോര്‍ട്മുണ്ട് വിജയിച്ചത്.

ഡോര്‍ട്മുണ്ടിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ചുനടന്ന രണ്ടാം പാദ മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ആദ്യ പാദത്തില്‍ 3-2 എന്ന സ്‌കോറിന് ഡോര്‍ട്മുണ്ട് വിജയം നേടിയിരുന്നു.

രണ്ടാം പാദ മത്സരത്തില്‍ 35-ാം മിനിട്ടില്‍ ഹാളണ്ട് ആദ്യ ഗോള്‍ നേടി. പിന്നീട് 54-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച താരം ഡോര്‍ട്മുണ്ടിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇതോടെ ടീം വിജയമുറപ്പിച്ചു. എന്നാല്‍ 68-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച യൂസഫ് എന്‍ നെസ്‌റി സെവിയ്യയുടെ ആദ്യ ഗോള്‍ നേടി. കളിയവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് യൂസഫ് സെവിയ്യയുടെ രണ്ടാം ഗോള്‍ നേടി. 

മത്സരം സമനിലയിലായെങ്കിലും ആദ്യപാദത്തിലെ വിജയത്തിന്റെ കരുത്തില്‍ ഡോര്‍ട്മുണ്ട് അവസാന എട്ടിലെത്തി.

Content Highlights: Erling Braut Haaland double fires Borussia Dortmund into Champions League quarter-finals