മ്യൂണിക്ക്: ജര്‍മന്‍ കപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന് ഉജ്ജ്വല തുടക്കം. ആദ്യ റൗണ്ടില്‍ ദുര്‍ബലരായ ബ്രെമെറിനെ ബയേണ്‍ ഗോള്‍മഴയില്‍ മുക്കി. എതിരില്ലാത്ത 12 ഗോളുകള്‍ക്കാണ് ബയേണിന്റെ വിജയം. 

ബയേണിനായി എറിക് മാക്‌സിം ചൗപ്പോ മോട്ടിങ് നാല് ഗോളുകള്‍ നേടിയപ്പോള്‍ യുവതാരം ജമാല്‍ മുസിയാല ഇരട്ട ഗോളുകള്‍ നേടി. മാലിക് ടില്‍മാന്‍, ലിറോയ് സനെ, മൈക്കിള്‍ ക്രൂയിസാന്‍സ്, ബൗണ സാര്‍, കോറെന്റിന്‍ ടൊളീസോ എന്നിവര്‍ ടീമിനായി മറ്റുഗോളുകള്‍ നേടി. യാന്‍ ലൂക്ക വാം വഴങ്ങിയ സെല്‍ഫ് ഗോളും ബയേണിന് തുണയായി. 

ബയേണ്‍ 8-0 ന് മുന്നില്‍ നിന്ന സമയത്ത് ബ്രെമെറിന്റെ പ്രതിരോധതാരം യൂഗോ നോബിലെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ ടീം അവസാന 13 മിനിട്ടില്‍ പത്തുപേരായി ചുരുങ്ങി. ഈ അവസരം മുതലെടുത്ത ബയേണ്‍ വീണ്ടും നാലുഗോളുകള്‍ കൂടി നേടി അനായാസ വിജയം സ്വന്തമാക്കി. 

സൂപ്പര്‍ താരം റോബര്‍ട്ട് ലെവെന്‍ഡോവ്‌സ്‌കി, നായകന്‍ മാനുവല്‍ ന്യൂയര്‍ എന്നിവര്‍ക്ക് ബയേണ്‍ വിശ്രമം നല്‍കി. ലെവന്‍ഡോവ്‌സ്‌കിയ്ക്ക് പകരം കളിക്കാനിറങ്ങിയ ചൗപ്പോ മോട്ടിങ് ആദ്യ 35 മിനിട്ടില്‍ തന്നെ ഹാട്രിക്ക് നേടി. രണ്ടാം പകുതിയില്‍ മറ്റൊരു ഗോളും നേടി നാല് ഗോള്‍ നേട്ടം ആഘോഷിച്ചു. 

Content Highlights: Eric Maxim Choupo-Moting scores 4 as Bayern Munich put 12 past minnows Bremer in German Cup