-
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് അവസാനിക്കുംമുമ്പെ ലിവർപൂൾ ചാമ്പ്യൻമാരായെങ്കിലും യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇടം നേടാനുള്ള ഇംഗ്ലീഷ് ക്ലബ്ബുകളുടെ പോരാട്ടം കനക്കുകയാണ്. ലെസ്റ്റർ സിറ്റി എവർട്ടണോടും ചെൽസി വെസ്റ്റ്ഹാമിനോടും തോറ്റതോടെയാണ് പോരാട്ടം ശക്തമായത്. ലിവർപൂൾ ഒന്നാം സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. രണ്ടാം സ്ഥാനം മാഞ്ചസ്റ്റർ സിറ്റിയും ഏറെക്കുറെ ഉറപ്പിച്ചു. ഇനി ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കുവേണ്ടിയാണ് പോരാട്ടം.
നാല് ടീമുകളാണ് ഈ രണ്ട് സ്ഥാനങ്ങൾക്കായി പ്രധാനമായും മത്സരരംഗത്തുള്ളത്. ലീഗിൽ നിലവിൽ മൂന്നാമതുള്ള ലെസ്റ്റർ സിറ്റി, നാലാമതുള്ള ചെൽസി, അഞ്ചാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ്, തൊട്ടുപിന്നിലുള്ള വോൾവ്സ്, ഇതാണ് ആ നാല് ടീമുകൾ. അതേസമയം മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് വിലക്ക് ലഭിക്കാൻ സാധ്യത നിലനിൽക്കുന്നതിനാൽ പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നവർക്കും പ്രതീക്ഷയ്ക്ക് വകയുണ്ട്. അതുകൊണ്ടുതന്നെ ഏഴും എട്ടും സ്ഥാനത്തുള്ള ആഴ്സണലും ടോട്ടൻഹാമും ശുഭപ്രതീക്ഷയിലാണ്.
പ്രധാന പോരാട്ടം നടക്കുക ലെസ്റ്റർ മുതൽ വോൾവ്സ് വരേയുള്ള ടീമുകൾ തമ്മിലാകും. ലെസ്റ്റർ സിറ്റിക്കാണ് കാര്യങ്ങൾ കൂടുതൽ കടുപ്പം. മൂന്നാം സ്ഥാനത്തുണ്ടെങ്കിലും ഇനിയുള്ള മത്സരങ്ങൾ കടുത്തതാണ്. ആഴ്സണൽ, ഷെഫീൽഡ് യുണൈറ്റഡ്, ടോട്ടൻഹാം, മാഞ്ചസ്റ്റർ യുണൈറ്റഡ്, ക്രിസ്റ്റൽ പാലസ്, ബൗൺമൗത്ത് എന്നിവരുമായാണ് ലെസ്റ്ററിന്റെ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ. മൂന്നാമതുള്ള ലെസ്റ്ററിന് 55 പോയിന്റാണുള്ളത്. ആറാം സ്ഥാനത്തുള്ള വോൾവ്സിന് 52 പോയിന്റും. അതുകൊണ്ടു ഒരു പരാജയം ലെസ്റ്ററിനെ ആറാം സ്ഥാനത്തേക്ക് തള്ളിയേക്കാം.
54 പോയിന്റുള്ള ചെൽസിക്ക് ഇനിയുള്ള മത്സരങ്ങൾ ലിവർപൂൾ, വോൾവ്സ്, ഷെഫീൽഡ് യുണൈറ്റഡ്, വാറ്റ്ഫോർഡ്, ക്രിസ്റ്റൽ പാലസ്, നോർവിച്ച് സിറ്റി എന്നിവർക്കെതിരേയാണ്. ഈ ആറു മത്സരങ്ങളിലും പരമാവധി പോയിന്റ് നേടാനാകും ചെൽസിയുടെ ശ്രമം. 52 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനി ഏറ്റവും എളുപ്പമുള്ള മത്സരങ്ങളാണ് വരാൻ പോകുന്നത്. ലീഗിലെ അവസാന ദിവസം ലെസ്റ്ററുമായുള്ള മത്സരം മാത്രമാണ് അൽപമെങ്കിലും കടുപ്പമേറിയത്. വോൾവ്സിനാകട്ടെ ചെൽസി, ആഴ്സണൽ, ഷെഫീൽഡ്, എവർട്ടൺ, ബേൺലി, ക്രിസ്റ്റൽ പാലസ് എന്നിവരാണ് ഇനി എതിരാളികളായി ശേഷിക്കുന്നത്.
Content Highlights: EPL, Teams battle for champions league football qualification
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..