ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തന്‍മാരുടെ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയം. പോള്‍ പോഗ്ബ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്ത് പേരായി ചുരുങ്ങിയിട്ടും യുണൈറ്റഡ് 3-1ന് ആഴ്‌സണലിനെ തുരത്തുകയായിരുന്നു.

ജെസ്സി ലിന്‍ഗാര്‍ഡിന്റെ ഇരട്ടഗോളും അന്റോണിയോ വലന്‍സിയയുടെ ഗോളുമാണ് യുണൈറ്റഡിന് വിജയമൊരുക്കിയത്. അലക്‌സാണ്ട്രെ ലെസാറ്റെയാണ് ആഴ്‌സണലിന്റെ ആശ്വാസഗോള്‍ കണ്ടെത്തിയത്. 74-ാം മിനിറ്റില്‍ ആഴ്‌സണല്‍ പ്രതിരോധതാരം ബെല്ലറിന്റെ കാലില്‍ ചവിട്ടിയതിനാണ് പോഗ്ബയ്ക്ക് ചുവപ്പ് കാര്‍ഡ് കിട്ടിയത്. ഇതോടെ മൂന്നു മത്സരങ്ങള്‍ സൂപ്പര്‍ താരത്തിന് നഷ്ടമാകും. 

അതേസമയം മറ്റൊരു മത്സരത്തില്‍ ചെല്‍സി, ന്യൂകാസില്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചു. ശനിയാഴ്ച സ്വന്തം മൈതാനമായ സ്റ്റാംഫോര്‍ഡ് ബ്രിജില്‍ നടന്ന മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ(3-1)യാണ് തോല്‍പ്പിച്ചത്.പ്ലേമേക്കര്‍ ഈഡന്‍ ഹസാര്‍ഡിന്റെ ഇരട്ടഗോളാണ് (21, 74) മത്സരത്തിന്റെ സവിശേഷത. അല്‍വാരൊ മൊറാട്ട(33)യുടെ വകയായിരുന്നു ചെല്‍സിയുടെ മറ്റൊരു ഗോള്‍. ഡ്വിറ്റ് ഗെയ്ല്‍ (12) ന്യൂകാസിലിന്റെ ആശ്വാസഗോള്‍ കുറിച്ചു. 

മത്സരത്തില്‍ മൊറാട്ട നേടിയത് സീസണിലെ പതിനൊന്നാം ഹെഡര്‍ ഗോളാണ്. യൂറോപ്പിലെ അഞ്ച് പ്രമുഖ ലീഗുകളില്‍വെച്ച് ഇതുവരെ ഏറ്റവും കൂടുതല്‍ ഹെഡര്‍ ഗോളുകള്‍ നേടിയതും മൊറാട്ടയാണ്. 15 മത്സരങ്ങളില്‍നിന്ന് 32 പോയന്റുമായി പ്രീമിയര്‍ ലീഗില്‍ മൂന്നാമതാണ് ചെല്‍സി. ഇത്രയും കളികളില്‍ 15 പോയന്റ് മാത്രമുള്ള ന്യൂകാസില്‍ ലീഗില്‍ 12-ാം സ്ഥാനത്താണ്. 

ലാ ലിഗയില്‍ സൂപ്പര്‍ താരങ്ങള്‍ ഗോളടിച്ചിട്ടും ബാഴ്‌സലോണ സമിനിലയില്‍ കുരുങ്ങി. ലയണല്‍ മെസ്സിയും ലൂയി സുവാരസും ഗോളടിച്ചി മത്സരത്തില്‍ സെല്‍റ്റാ വിഗോ 2-2നാണ് ബാഴ്‌സയെ സമനിലയില്‍ കുരുക്കിയത്. 

22-ാം മിനിറ്റില്‍ മെസ്സിയും 62-ാം മിനിറ്റില്‍ സുവാരസും ബാഴ്‌സയ്ക്കായി ഗോള്‍ നേടി. ഇയാഗോ അസ്പാസ് (20), മാക്സിമിലിയാനോ ഗോമസ് (70) എന്നിവരുടെ വകയായിരുന്നു സെല്‍റ്റാ വിഗോയുടെ ഗോളുകള്‍. സീസണില്‍ സ്വന്തം ഗ്രൗണ്ടായ നൗക്കാമ്പില്‍ ബാഴ്‌സയ്ക്ക് വിജയം നിഷേധിക്കപ്പെട്ട ആദ്യമത്സരമാണിത്. ലാലിഗയില്‍ ബാഴ്‌സയുടെ തുടര്‍ച്ചയായ രണ്ടാം സമനിലയാണിത്. 

കഴിഞ്ഞ മത്സരത്തില്‍ വലന്‍സിയ മുന്‍ചാമ്പ്യന്‍മാരെ സമനിലയില്‍ കുരുക്കിയിരുന്നു. സമനില വഴങ്ങിയെങ്കിലും ബാഴ്‌സ തന്നെയാണ് ലാലിഗയില്‍ ഒന്നാമത്. 14 മത്സരങ്ങളില്‍ 36 പോയന്റാണ് അവരുടെ സമ്പാദ്യം. 13 മത്സരങ്ങളില്‍ 31 പോയന്റുള്ള വലന്‍സിയയാണ് ലാലിഗയില്‍ രണ്ടാമത്. 14 മത്സരങ്ങളില്‍ 18 പോയന്റുള്ള സെല്‍റ്റാവിഗോ എട്ടാമതാണ്.