ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സതാംപ്ടണെതിരേ തകര്‍പ്പന്‍ ജയവുമായി യര്‍ഗന്‍ ക്ലോപ്പിന്റെ ലിവര്‍പൂള്‍. ആന്‍ഫീല്‍ഡില്‍ എതിരില്ലാത്ത നാലു ഗോള്‍ ജയത്തോടെ അവര്‍ ഒന്നാമതുള്ള ചെല്‍സിയുമായുള്ള അകലം ഒരു പോയന്റാക്കി കുറച്ചു. 

ഡിയോഗോ ജോട്ട ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ തിയാഗോ അല്‍കാണ്‍ട്രയും വിര്‍ജില്‍ വാന്‍ഡൈക്കുമാണ് ലിവര്‍പൂളിന്റെ മറ്റ് സ്‌കോറര്‍മാര്‍. 

മത്സരം തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ജോട്ടയിലൂടെ ലിവര്‍പൂള്‍ മുന്നിലെത്തി. ഇടതുവിങ്ങില്‍ നിന്ന് റോബര്‍ട്‌സണ്‍ നല്‍കിയ ക്രോസ് ജോട്ട വലയിലെത്തിക്കുകയായിരുന്നു. 

32-ാം മിനിറ്റില്‍ ജോട്ട വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ വലതു വിങ്ങില്‍ നിന്ന് മുഹമ്മദ് സലാ നല്‍കിയ പാസില്‍ നിന്നായിരുന്നു ഗോള്‍. 

അഞ്ചു മിനിറ്റിനകം തിയാഗോ ലിവര്‍പൂളിന്റെ ലീഡുയര്‍ത്തി. 52-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ അര്‍ണോള്‍ഡിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍.

epl liverpool crushes southampton arsenal beat newcastle

ന്യൂകാസിലിനെ തകര്‍ത്ത് ഗണ്ണേഴ്‌സ്

സ്വന്തം മൈതാനത്ത് ന്യൂകാസിലിനെതിരേ തകര്‍പ്പന്‍ ജയവുമായി ആഴ്‌സണല്‍. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ആര്‍ട്ടേറ്റയുടെ സംഘത്തിന്റെ ജയം. 

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 56-ാം മിനിറ്റില്‍ ബുകായോ സാക്കയാണ് ഗണ്ണേഴ്‌സിനെ മുന്നിലെത്തിച്ചത്. 66-ാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ടീമിന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കി. 

ജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന് 23 പോയന്റുമായി ആഴ്‌സണല്‍ അഞ്ചാം സ്ഥാനത്തെത്തി.

Content Highlights: epl liverpool crushes southampton arsenal beat newcastle