അലിസൺന്റെ ഗോളാഘോഷം | Photo: Reuters
ലണ്ടന്‍: അതൊരു അസാധ്യ ഗോള്‍ ആയിരുന്നു. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ ഗോള്‍ കീപ്പര്തന്നെ എതിര് പോസ്റ്റില്‍ കയറി ഹെഡറിലൂടെ ഗോള്‍ നേടുകയെന്ന അത്യപൂര്വ്വനിമിഷം. അതും സമനിലിയില്‍ കുരുങ്ങിയ മത്സരം.
ലിവര്‍പൂള്‍ ഗോളി അലിസന് ബെക്കറാണ് ചരിത്രത്തിലേക്ക് സ്വന്തം പേര് എഴുതിച്ചേര്‍ത്തത്. വെസ്റ്റ് ബ്രോമിനെ ആ ഹെഡര്‍ ഗോളിലൂടെ കീഴ്പ്പെടുത്തുമ്പോള്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഹെഡറിലുടെ ആദ്യഗോള്‍ നോടുന്ന ഗോള്‍കീപ്പറായി മാറുകയായിരുന്നു അലിസന് ബെക്കര്‍.
കളി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കെ ലിവര്‍പൂളിനു ലഭിച്ച കോര്‍ണര്‍ കിക്കാണ് വെസ്റ്റ് ബ്രോമിന്റെ കഥ കഴിച്ചത്. ഇനി ചാന്‍സ് കിട്ടില്ലെന്ന് ഉറപ്പായിരുന്നതിനാല്‍ ഗോളിയടക്കം മിക്കവാറും ലിവര്‍പൂളിന്റെ എല്ലാ കളിക്കാരും വെസ്റ്റ് ബ്രോമിന്റെ പെനല്‍റ്റി ബോക്സിന് അകത്തായിരുന്നു.
ലിവര്‍പൂളിന്റെ എല്ലാ താരങ്ങളെയും വെസ്റ്റ് ബ്രോം കളിക്കാര്‍ നോട്ടമിട്ടിരുന്നു. അതില്പെടാതിരുന്നത് അലിസന് മാത്രം. ട്രെന്റ് അലക്സാണ്ടര്‍ എടുത്ത കോര്‍ണര്‍ കിക്ക് പക്ഷെ, നേരെ വന്നത് അലിസന്റെ തലയ്ക്കു മുകളിലേക്ക്. അലിസനു പിഴച്ചില്ല. ലിവര്‍പൂളിന് വിജയം(2-1).
വിജയിച്ചെങ്കിലും ചാംപ്യന്‍സ് ലീഗ് പ്രതീക്ഷ ലിവര്‍പൂളിന് ഇനിയും ഉറപ്പായിട്ടില്ല. അടുത്ത മത്സരം ജയിച്ചാല്‍ മാത്രം പോരാ, മറ്റു ടീമുകളുടെ പരാജയവും ലിവര്‍പൂളിന്റെ വിധി നിര്‍ണയിക്കും.
ഈ വിജയത്തോടെ ലിവര്‍പൂളിന് 36 മത്സരങ്ങളില്‍ നിന്ന് 63 പോയിന്റായി. 64 പോയിന്റുമായി ചെല്‍സിയും 66 പോയിന്റുമായി ലെസ്റ്റര്‍ സിറ്റിയുമാണ് ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ പോരാട്ടത്തിനായി ലിവര്‍പൂളിന് മുന്നിലുള്ളത്. 83 പോയിന്റുമായി ഇപിഎല്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡും യോഗ്യത നേടിക്കഴിഞ്ഞു.
Content Highlights: EPL Liverpool Allison Goalkeeper Goal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..