
-
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബൗൺമൗത്തിനെ ഗോൾമഴയിൽ മുക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരേ അഞ്ചു ഗോളിനായിരുന്നു യുണൈറ്റഡിന്റെ വിജയം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു യുണൈറ്റഡിന്റെ തിരിച്ചുവരവ്.
മത്സരം തുടങ്ങി 16-ാം മിനിറ്റിൽ ജൂനിയർ സ്റ്റാനിസ്ലാസിലൂടെ ബൗൺമൗത്ത് യുണൈറ്റഡിനെ ഞെട്ടിച്ചു. യുണൈറ്റഡിന്റെ പ്രതിരോധത്തിൽ സംഭവിച്ച പിഴവ് മുതലെടുത്തായിരുന്നു ഈ ഗോൾ. എന്നാൽ പിന്നീട് യുണൈറ്റഡിന്റെ തിരിച്ചടിയാണ് കണ്ടത്. 29-ാം മിനിറ്റിൽ ഗ്രീൻവുഡിലൂടെ യുണൈറ്റഡ് സമനില ഗോൾ കണ്ടെത്തി. ബ്രൂണോയുടെ പാസ് സ്വീകരിച്ച് ഗ്രീൻവുഡിന്റെ ഇടങ്കാലൻ ഷോട്ട് വലയിൽ കയറി. പിന്നാലെ പെനാൽറ്റിയിലൂടെ റാഷ്ഫോർഡ് യുണൈറ്റഡിനെ മുന്നിലെത്തിച്ചു.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മാർഷ്യലിലൂടെ യുണൈറ്റഡ് 3-1ന് മുന്നിലെത്തി. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ ലഭിച്ച പെനാൽറ്റി ബൗൺമൗത്തിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. ജോഷ്വാ കിങ് ആയിരുന്നു പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത്. ഇതോടെ സ്കോർ 3-2 ആയി. എന്നാൽ 54-ാം മിനിറ്റിൽ ഗ്രീൻവുഡിന്റെ രണ്ടാം ഗോളെത്തി. ഇത്തവണ 18-കാരൻ വലങ്കാലൻ ഷോട്ടിലൂടെയാണ് വല ചലിപ്പിച്ചത്. 59-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ മനോഹര ഫ്രീ കിക്ക് കൂടി ആയതോടെ യുണൈറ്റഡിന്റെ ഗോൾപട്ടിക പൂർത്തിയായി.
ഈ വിജയത്തോടെ ചെൽസിയെ പിന്നിലാക്കി യുണൈറ്റഡ് നാലാം സ്ഥാനത്തെത്തി. 55 പോയിന്റാണ് യുണൈറ്റഡിന്റെ അക്കൗണ്ടിലുള്ളത്. ഒരു മത്സരം കുറവ് കളിച്ച ചെൽസിക്ക് 54 പോയിന്റുണ്ട്.
ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ലെസ്റ്റർ സിറ്റി എതിരില്ലാത്ത മൂന്നു ഗോളിന് ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തി. ഇതോടെ ലെസ്റ്ററിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ സജീവമായി. ജാമി വാർഡിയുടെ ഇരട്ടഗോളുകളാണ് ലെസ്റ്ററിന് വിജയമൊരുക്കിയത്. ഇഹ്നാച്ചോയുടെ വകയായിരുന്നു ഒരു ഗോൾ. 33 മത്സരങ്ങളിൽ നിന്ന് 58 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ് ലെസ്റ്റർ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..