ലണ്ടന്‍: അലയന്‍സ് അരീനയില്‍ ബയറണ്‍ മ്യൂണിക്ക് ഗോള്‍മഴ പെയ്യിച്ചപ്പോള്‍ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ സ്വാന്‍സി സിറ്റിയെ തോല്‍പ്പിച്ച് ചെല്‍സി ലീഡുയര്‍ത്തി. പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിയുടെ 100ാം മത്സരം അവിസ്മരണീയമാക്കുന്ന രീതിയിലായിരുന്നു ബയറണിന്റെ കളി. ഹംബര്‍ഗ് എഫ്.സിയുടെ വലയിലേക്ക് എട്ടു ഗോളുകളാണ് ബയറണ്‍ താരങ്ങള്‍ അടിച്ചു കയറ്റിയത്. ഈ സീസണിലെ തന്റെ മൂന്നാമത്തെ ഹാട്രിക് സ്വന്തമാക്കിയ പോളണ്ടിന്റെ ലെവന്‍ഡോവ്‌സ്‌കിയും മറ്റു പത്തു പേരും കളിയില്‍ സര്‍വാധിപത്യം കാണിക്കുന്ന കാഴ്ച്ചയാണ് അലയന്‍സ് അരീനയില്‍ കണ്ടത്. 

ലെവന്‍ഡോവ്‌സ്‌കിയോടൊപ്പം ആര്‍ദുറോ വിദാലും കിങ്‌സ്‌ലി കോമാനും ആര്യന്‍ റോബനും ഡേവിഡ് അലാബയും ഗോള്‍വല ചലിപ്പിച്ചു. 17-ാമത്തെ മിനിറ്റില്‍ വിദാല്‍ ബയറണിന്റെ അക്കൗണ്ട് തുറന്നു. ഏഴു മിനുറ്റുകള്‍ക്ക് ശേഷം മുള്ളറിനെ ഫൗള്‍ ചെയ്തതിലൂടെ ലഭിച്ച പെനാല്‍റ്റി ലെവന്‍ഡോവ്‌സ്‌കി ലക്ഷ്യത്തിലെത്തിച്ചു. 42-ാം മിനിറ്റില്‍ ലെവന്‍ഡോവ്‌സ്‌കി രണ്ടാം ഗോളും കണ്ടെത്തി.രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ആര്യന്‍ റോബന്റെ പാസ്സില്‍ പോളണ്ട് താരം ഹാട്രിക്ക് പൂര്‍ത്തിയാക്കി.

നിമിഷങ്ങള്‍ക്ക് ശേഷം അലാബയിലൂടെ ബയേണ്‍ അഞ്ചാം ഗോള്‍ കണ്ടെത്തി. പിന്നീട് പകരക്കാരനായി ഇറങ്ങിയ കേമാന്റെ അവസരമായിരുന്നു. അഞ്ചു മിനിറ്റിനിടയില്‍ രണ്ടു തവണ ഹംബര്‍ഗിന്റെ വല രണ്ടു തവണ ചലിപ്പിച്ച കോമാന്‍ ബയറണിന്റെ വിജയമുറപ്പിക്കുകയായിരുവ്വു. കളിയവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കേ ആര്യന്‍ റോബന്റെ ഇടങ്കാല്‍ ഷോട്ട് ബയറണിന്റെ പട്ടിക പൂര്‍ത്തിയാക്കി. 

fabrigas

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആധിപത്യം ചെല്‍സി നിലനിര്‍ത്തിയപ്പോള്‍ സ്വാന്‍സി ഒന്നിനെതിരെ മൂന്ന് ഗോളിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. മാറ്റിച്ചിന് പകരക്കാരനായി തന്നെ ടീമിലുള്‍പ്പെടുത്തിയ കോണ്ടെയുടെ തീരുമാനം ന്യായീകരിക്കുന്ന പ്രകടനം പുറത്തെടുത്ത ഫാബ്രിഗാസ് ഒരു ഗോളടിക്കുകയും മറ്റൊരു ഗോളിന് വഴി ഒരുക്കുകയും ചെയ്തു. പെഡ്രോ,ഡിയാഗോ കോസ്റ്റ എന്നിവരാണ് ചെല്‍സിയുടെ മറ്റു ഗോളുകള്‍ നേടിയത്. 

സ്വാന്‍സിയുടെ ഗോളി ഫാബിയാന്‍സ്‌കിയും പ്രതിരോധ താരങ്ങളുമുയര്‍ത്തിയ വെല്ലുവിളി മറികടനവ്‌ന് 19ാം മിനിറ്റില്‍ ഫാബ്രിഗാസ് ചെല്‍സിയെ മുന്നിലെത്തിക്കുകയായിരുന്നു. പിന്നീട് ലീഡുയര്‍ത്താന്‍ നിരവധി അവസരങ്ങള്‍ ചെല്‍സിക്ക് ലഭിച്ചെങ്കിലും സ്വാന്‍സി ഗോളിയുടെ മികച്ച സേവുകളും നിര്‍ഭാഗ്യവും വിലങ്ങു തടിയായി. ആദ്യ പകുതിയുടെ അധിക സമയത്ത് സ്വാന്‍സി സമനില ഗോള്‍ നേടി. സിഗേഴ്‌സന്റെ ഫ്രീകിക് മികച്ച ഹെഡ്ഡറിലൂടെ യൊരെന്റെ ചെല്‍സി വലയിലെത്തിക്കുകയായിരുന്നു.

പിന്നീട് 72ാം മിനിറ്റു വരെ കാത്തു നിന്ന ചെല്‍സി പെഡ്രോയിലൂടെ രണ്ടാം ഗോള്‍ നേടി. ഫാബ്രിഗാസിന്റെ പാസ്സില്‍ നിന്നായിരുന്നു ഗോള്‍. ഈ അസ്സിസ്റ്റോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 102 ഗോളിന് വഴിയൊരുക്കിയ ഫാബ്രിഗാസ് ലീഗ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ രണ്ടാമത്തെ അസ്സിസ്‌റ് നേടുന്ന താരം എന്ന റെക്കോര്‍ഡില്‍ ഫ്രാങ്ക് ലാംപാര്‍ഡിനൊപ്പമെത്തി. 84-ാം മിനിറ്റില്‍ കോസ്റ്റയും ഗോള്‍ നേടിയതോടെ ചെല്‍സി വിജയമുറപ്പിച്ചു . 63 പോയിന്റുള്ള ചെല്‍സി ലീഗില്‍ തങ്ങളുടെ ലീഡ് 11 പോയിന്റാക്കി ഉയര്‍ത്തി.