ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും ലെസ്റ്റര്‍ സിറ്റിക്കും ജയം. ആഴ്‌സണലിന് സമനില. വെസ്റ്റ് ബ്രോംവിച്ചിനെതിരായ മത്സരത്തില്‍ 2-1ന് വിജയിച്ച ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. ഒന്നാമതുള്ള ആഴ്‌സണലിനൊപ്പം ലിവര്‍പൂളിന് 20 പോയിന്റാണുള്ളത്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ ആഴ്‌സണലാണ് മുന്നില്‍.

വെസ്റ്റ് ബ്രോമിനെതിരെ 2-0ത്തിന് വിജയിച്ചിരുന്നെങ്കില്‍ ലിവര്‍പൂളിന് ഒന്നാമതെത്താമായിരുന്നു. 81ാം മിനിറ്റിൽ വെസ്റ്റ്‌ബ്രോമിനായി ഗോള്‍ നേടിയ ഗരെത് മക്കൊലെയ് ആണ് ലിവര്‍പൂളിന് ഒന്നാം സ്ഥാനം നിഷേധിച്ചത്. ഇരുപതാം മിനിറ്റില്‍ സാഡിയൊ മാനെയും 35ാം മിനിറ്റില്‍ കുട്ടിഞ്ഞോയും ലിവര്‍പൂളിനായി ലക്ഷ്യം കണ്ടു.

അതേ സമയം മിഡില്‍സ്‌ബെര്‍ഗിനെതിരായ മത്സരത്തില്‍ ആഴ്‌സണല്‍ ഗോള്‍രഹിത സമനില വഴങ്ങി. മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റി ക്രിസ്റ്റല്‍ പാലസിനെ 3-1ന് പരാജയപ്പെടുത്തി. മുസയും ഒക്കസാക്കിയും ക്രിസ്റ്റിയന്‍ ഫുച്ച്‌സും ലെസ്റ്ററിനായി ഗോള്‍ കണ്ടെത്തിയപ്പോള്‍ 85ാം മിനിറ്റില്‍ യൊഹാന്‍ കബായെയാണ് ക്രിസ്റ്റലിനായി ലക്ഷ്യം കണ്ടത്. 

ലാ ലിഗയില്‍ വിജയത്തോടെ ബാഴ്‌സലോണ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കളിയുടെ അധിക സമയത്ത് മെസ്സി നേടിയ പെനാല്‍റ്റിയിലാണ് ബാഴ്‌സലോണ വലന്‍സിയയെ പരാജയപ്പെടുത്തിയത്. 3-2നായിരുന്നു ബാഴ്‌സയുടെ വിജയം.

messi
മത്സരത്തിനിടെ കാണികളുടെ ഏറില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മെസ്സിയും സഹകളിക്കാരും   ഫോട്ടോ:എ.പി

22ാം മിനിറ്റില്‍ ലയണല്‍ മെസ്സിയിലൂടെ മുന്നിലെത്തിയ ബാഴ്‌സയെ എല്‍ ഹദ്ദാദിയും റോഡ്രിഗോയും നേടിയ ഗോളിലൂടെ വലന്‍സിയ മറികടന്നു. എന്നാല്‍ 62ാം മിനിറ്റില്‍ ലൂയി സുവാരസ് ബാഴ്‌സക്ക് സമനില ഗോള്‍ സമ്മാനിച്ചു. 94ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മെസ്സി ബാഴ്‌സയുടെ വിജയഗോളും നേടി. 

മെസ്സിയുടെ ഗോളിന് പിന്നാലെ വലന്‍സിയ കാണികള്‍ ഗ്രൗണ്ടിലേക്ക് കുപ്പിയും മറ്റും വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് മത്സരം സംഘര്‍ഷഭരിതമായി. ലാ ലിഗയിലെ മറ്റു മത്സരങ്ങളില്‍ റയല്‍ സൊസൈദാദ് അലാവെസിനെ തോല്‍പ്പിച്ചപ്പോള്‍ എസ്പാനിയോള്‍-എയ്ബര്‍ മത്സരവും ഗ്രാനഡ്-സ്‌പോര്‍ട്ടിങ് ജിയോണ്‍ മത്സരവും സമനിലയില്‍ പിരിഞ്ഞു.