ലണ്ടൻ: ലാ ലിഗയിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് സമനിലയോടെ തുടക്കം. റയൽ സൊസൈദാദാണ് റയൽ മാഡ്രിഡിനെ ഗോൾരഹിത സമനിലയിൽ കുരുക്കിയത്. ആദ്യ ഇലവനിൽ ഒഡെഗാർഡിനേയും റോഡ്രിഗോയേയും വിനീഷ്യസിനേയും ഇറക്കിയാണ് റയൽ കളി തുടങ്ങിയത്. പക്ഷേ ആ യുവത്വത്തിന്റെ വേഗത കളത്തിൽ കാണാൻ കഴിഞ്ഞില്ല.

അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൂപ്പർ പോരാട്ടത്തിൽ ലിവർപൂൾ ചെൽസിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചു. ആദ്യ പകുതിയിൽ ചുവപ്പ് കാർഡ് കണ്ടതും രണ്ടാം പകുതിയിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയതും ചെൽസിക്ക് തിരിച്ചടിയായി.

ആദ്യ പകുതിയിൽ ഇരുടീമുകൾക്കും കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ല. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് സാദിയോ മാനെയെ ഫൗൾ ചെയ്തതിന് പ്രതിരോധ താരം അന്ദ്രീയാസ് ക്രിസ്റ്റ്യൻസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ചെൽസി പത്ത് പേരായി ചുരുങ്ങി.

കളി 50 മിനിറ്റ് പിന്നിട്ടപ്പോൾ മാനേയിലൂടെ ലിവർപൂൾ ലീഡ് നേടി. നാല് മിനിറ്റിനുള്ളിൽ കെപ്പെയുടെ പിഴവ് മുതലെടുത്ത് മാനെ രണ്ടാം ഗോളും നേടി. പിന്നീട് തിയാഗോ വെർണറെ വീഴ്ത്തിയതിന് ചെൽസിക്ക് പെനാൽറ്റി ലഭിച്ചെങ്കിലും അതു മുതലെടുക്കാൻ കഴിഞ്ഞില്ല. ജോർജിഞ്ഞോയെടുത്ത പെനാൽറ്റി അലിസൺ തടഞ്ഞു.

മറ്റു മത്സരങ്ങളിൽ ടോട്ടൻഹാം സതാംപ്റ്റണേയും ബ്രൈറ്റൺ ന്യൂകാസിൽ യുണൈറ്റഡിനേയും തോൽപ്പിച്ചു. ബേൺലിയെ ലെസ്റ്റർ സിറ്റിയും പരാജയപ്പെടുത്തി.

Content Highlights: EPL and La Liga Real Madrid Chelsea Liverpool Football