ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വീണ്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തിരിച്ചുവരവ്. ആസ്റ്റണ്‍വില്ലയ്‌ക്കെതിരായ മത്സരത്തിലാണ് യുണൈറ്റഡിന്റെ മനോഹര തിരിച്ചുവരവ് കണ്ടത്. ഒന്നിനെതിരേ മൂന്നു ഗോളിനായിരുന്നു യുണൈറ്റഡിന്റെ വിജയം.

വില്ലാപാര്‍ക്കില്‍ നടന്ന മത്സരത്തിന്റെ 24-ാ ംമിനിറ്റില്‍ ആസ്റ്റണ്‍ വില്ല ലീഡെടുത്തു. അസാധ്യമാണെന്ന് തോന്നുന്ന ആങ്കിളില്‍ നിന്ന് മികച്ചൊരു ഫിനിഷിലൂടെ ട്രയോരെ വില്ലയെ മുന്നിലെത്തിച്ചു. 52-ാം മിനിറ്റില്‍ പോഗ്ബ ഒരുക്കിക്കൊടുത്ത പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ ഫെര്‍ണാണ്ടസ് യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. 

നാല് മിനിറ്റിനുള്ളില്‍ യുണൈറ്റഡ് ലീഡ് നേടി. മാസണ്‍ ഗ്രീന്‍വുഡിന്റൈ ഇടങ്കാലന്‍ ഷോട്ട് വലയിലെത്തി. കഴിഞ്ഞ പത്ത് മത്സരത്തിനിടയില്‍ ഗ്രീന്‍വുഡിന്റെ ഏഴാം ഗോളാണ് ഇത്. 87-ാം മിനിറ്റില്‍ എഡിന്‍സണ്‍ കവാനി യുണൈറ്റഡിന്റെ വിജയമുറപ്പിച്ച ഗോള്‍ നേടി. റാഷ്‌ഫോര്‍ഡിന്റെ ക്രോസില്‍ നിന്ന് കവാനി മനഹോരമായൊരു ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു. 

89-ാം മിനിറ്റില്‍ ഒലി വാറ്റ്കിന്‍സ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായാണ് ആസ്റ്റണ്‍ വില്ല കളി പൂര്‍ത്തിയാക്കിയത്. ഈ വിജയത്തോടെ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗ് യോഗ്യതയുടെ തൊട്ടടുത്തെത്തി. നിലവില്‍ 34 മത്സരങ്ങളില്‍ നിന്ന് 70 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് യുണൈറ്റഡ്.

Content Highlights: EPL 2021 Manchester United win vs Aston Villa