ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് കിരീടപ്പോരാട്ടം. ചെല്‍സിക്കെതിരേ വിജയിച്ചാല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ലീഗ് കിരീടമുയര്‍ത്താം. സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ റിഹേഴ്‌സല്‍ എന്നാണ് ഫുട്‌ബോള്‍ ആരാധകര്‍ ഈ മത്സരത്തെ വിശേഷിപ്പിക്കുന്നത്. ഈ മാസം അവസാനം നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മില്‍ തന്നെയാണ് പോരാട്ടം.

ലീഗില്‍ ഒന്നാമതുള്ള സിറ്റിക്ക് 80 പോയിന്റാണുള്ളത്. രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 67 പോയിന്റും. ഇനി ലീഗില്‍ അവശേഷിക്കുന്നത് നാല് മത്സരങ്ങള്‍ മാത്രമാണ്. കിരീടമുയര്‍ത്തിയാല്‍ സിറ്റിക്ക് ഏഴ് കിരീടം അക്കൗണ്ടിലെത്തും. ഇന്ത്യന്‍ സമയം രാത്രി പത്തു മണിക്കാണ് മത്സരം.

ലാ ലിഗയിലും ഇന്നത്തെ മത്സരം നിര്‍ണായകം. ഒന്നാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനക്കാരായ ബാഴ്‌സലോണയെ നേരിടും. വിജയിച്ചാല്‍ ബാഴ്‌സലോണയ്ക്ക് ഒന്നാം സ്ഥാനം സ്വന്തമാക്കാം. നിലവില്‍ ബാഴ്‌സയ്ക്ക് 74 പോയിന്റും അത്‌ലറ്റിക്കോ മാഡ്രിഡിന് 76 പോയിന്റുമാണുള്ളത്. അതേസമയം തോറ്റാല്‍ ബാഴ്‌സയുടെ കിരീടപ്രതീക്ഷ മങ്ങും. ഇന്ത്യന്‍ സമയം രാത്രി 7.45നാണ് മത്സരം.

Content Highlights: EPL 2021 Manchester Cty vs Chelsea La Liga Barcelona