ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബേണ്‍ലിയെ പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷ സജീവമാക്കി ലിവര്‍പൂള്‍. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറിയ ലിവര്‍പൂളിന് ഇനി ഒരു മത്സരം മാത്രമാണ് ശേഷിക്കുന്നത്.

ബേണ്‍ലിയുടെ ഗ്രൗണ്ട് ആയ ടര്‍ഫ് മൂറില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു ലിവര്‍പൂളിന്റെ വിജയം. ആദ്യ പകുതിയുടെ അവസാനം ഫെര്‍മിഞ്ഞോ ലിവര്‍പൂളിന് ലീഡ് നല്‍കി. രണ്ടാം പകുതിയില്‍ നാറ്റ് ഫിലിപ്‌സും ഓക്‌സ് ചമ്പര്‍ലൈനും ലിവര്‍പൂളിനായി ലക്ഷ്യം കണ്ടു.

ഈ വിജയത്തോടെ 36 മത്സരങ്ങളില്‍ നിന്ന് ലിവര്‍പൂളിന് 66 പോയിന്റ് ആയി. ലെസ്റ്റര്‍ സിറ്റിക്കും ഇതേ പോയിന്റ് ആണെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ അവര്‍ അഞ്ചാം സ്ഥാനത്ത് ആണ്. 67 പോയിന്റുമായി ചെല്‍സിയാണ് മൂന്നാം സ്ഥാനത്ത്.

മറ്റു മത്സരങ്ങളില്‍ ആഴ്‌സണലും എവര്‍ട്ടണും വിജയിച്ചപ്പോള്‍ ടോട്ടന്‍ഹാം പരാജയപ്പെട്ടു. ക്രിസ്റ്റല്‍ പാലസിനെതിരെ 3-1നായിരുന്നു ആഴ്‌സണലിന്റെ വിജയം. യൂറോപ്പ ലീഗ്  പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അത്യാവശ്യമായിരുന്ന ആഴ്‌സണലിന്റെ വിജയഗോള്‍ വന്നത് ഇഞ്ചുറി ടൈമില്‍ ആയിരുന്നു.

ആദ്യ പകുതിയില്‍ പെപെയിലൂടെ ലീഡ് എടുത്ത ആഴ്‌സണലിനെ 62ആം മിനിറ്റില്‍ ബെന്റെകെയുടെ ഗോളിലൂടെ ക്രിസ്റ്റല്‍ പാലസ് ഒപ്പം പിടിച്ചു. 91ആം മിനിറ്റില്‍  ഒഡെഗാര്‍ഡിന്റെ ക്രോസില്‍ നിന്ന് യുവ ബ്രസീലിയന്‍ താരം മാര്‍ടിനെല്ലി ആഴ്‌സണലിന് ലീഡ് നല്‍കി. ഇതോടെ ആഴ്‌സണല്‍ വിജയം ഉറപ്പിച്ചു. അവസാനം ഒരു സോളോ ഗോളില്‍ പെപെ ഗോള്‍ പറ്റിക പൂര്‍ത്തിയാക്കി.
ഇപ്പോള്‍ ലീഗില്‍ 58 പോയിന്റുമായി ആഴ്‌സണല്‍ ഒമ്പതാം സ്ഥാനത്താണ് ഉള്ളത്.

ആസ്റ്റണ്‍വില്ലയോട് ഒന്നിനെതിരെ രണ്ട് ഗോളിനാണ് ടോട്ടന്‍ഹാം തോറ്റത്. വോള്‍വ്‌സിനെ എതിരില്ലാത്ത ഒരൊറ്റ ഗോളിന് തോല്‍പ്പിച്ച എവെര്‍ട്ടന്‍ യൂറോപ്പ ലീഗ് പ്രതീക്ഷ സജീവമാക്കി.

Content Highlights: EPL 2021 Liverpool Arsenal Football