പോർട്ടോ: ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടുന്ന ചെൽസിക്ക് ആശ്വാസം. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ചെൽസിയുടെ പ്രധാന താരങ്ങളായ കാന്റെയും മെൻഡിയും ഫൈനലിൽ കളിക്കാനിറങ്ങും. ഇരുവരും പരിക്കുമാറി ഫിറ്റ്നെസ് വീണ്ടെടുത്തെന്ന് ചെൽസി പരിശീലകൻ തോമസ് ടൂഹൽ വ്യക്തമാക്കി.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺവില്ലയ്ക്കെതിരായ മത്സരത്തിലാണ് ഗോൾകീപ്പറായ മെൻഡിക്ക് പരിക്കേറ്റത്. തുടർന്ന് മത്സരത്തിന്റെ രണ്ടാം പകുതിയിൽ മെൻഡിക്ക് പകരം കെപ അരിസബലാഗയാണ് ചെൽസിയുടെ ഗോൾവല കാത്തത്. ലെസ്റ്റർ സിറ്റിക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് കാന്റെയ്ക്ക് പരിക്കേറ്റത്.

അതേസമയം മധ്യനിരതാരം ഇകായ് ഗുണ്ടോകന് പരിക്കേറ്റത് മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടിയായി. ഫൈനലിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെ ഫെർണാണ്ടീഞ്ഞോയുമായി കൂട്ടിമുട്ടിയാണ് ഗുണ്ടോകന് പരിക്കേറ്റത്. തുടർന്ന് താരം പരിശീലനം നിർത്തി ഗ്രൗണ്ട് വിട്ടു. ഫൈനലിൽ ഗുണ്ടോകൻ കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം വന്നിട്ടില്ല. ഇന്ത്യൻ സമയം ശനിയാഴ്ച്ച രാത്രി 12.30ന് പോർട്ടോയിലാണ് ഫൈനൽ.

Content Highlights: EPL 2021 Chelsea Manchester City