ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും ലിവര്‍പൂളിനും സമനില. ലിവര്‍പൂളിനെ ലീഡ്‌സ് യുണൈറ്റഡ് സമനിലയില്‍ കുരുക്കിയപ്പോള്‍ ബ്രൈറ്റണിനെതിരേ ചെല്‍സി സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. 

ലീഡ്‌സിനെതിരേ 31-ാം മിനിറ്റില്‍ സാദിയോ മാനേയിലൂടെ ലിവര്‍പൂള്‍ ലീഡെടുത്തു. 87-ാം മിനിറ്റിലായിരുന്നു ലീഡ്‌സിന്റെ സമനില ഗോള്‍ വന്നത്. ഡീഗോ ലോറന്റെ ആയിരുന്നു ഗോള്‍ സ്‌കോറര്‍. 

യൂറോപ്യന്‍ സൂപ്പര്‍ ലീഗില്‍ ചെല്‍സി ചേരുന്നതിനെതിരേ സ്റ്റേഡിയത്തിന് മുമ്പില്‍ ആരാധകരുടെ പ്രതിഷേധം കാരണം ബ്രൈറ്റണെതിരായ പോരാട്ടം 15 മിനിറ്റ് വൈകിയാണ് തുടങ്ങിയത്. എന്നാല്‍ മത്സരത്തില്‍ ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. രണ്ടാം പകുതിയില്‍ ബ്രൈറ്റണ്‍ താരം വെല്‍ബൈക്കിന് ലഭിച്ച സുവര്‍ണാവസരം പോസ്റ്റില്‍ തട്ടി തെറിച്ചു. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ബ്രൈറ്റണ്‍ താരം ബെന്‍ വൈറ്റ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായാണ് അവര്‍ മത്സരം പൂര്‍ത്തിയാക്കിയത്.

32 മത്സരങ്ങളില്‍ നിന്ന് 55 പോയിന്റുള്ള ചെല്‍സി ലീഗില്‍ നാലാം സ്ഥാനത്താണ്. 53 പോയിന്റുള്ള ലിവര്‍പൂള്‍ ആറാം സ്ഥാനത്തുമാണ്.

Content Highlights: EPL 2021 Chelsea Liverpool Football