ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ലെസ്റ്റര്‍ സിറ്റി ക്ലബ്ബുകള്‍ക്ക് വിജയത്തുടക്കം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഡ്‌സ് യുണൈറ്റഡിനെ ഒന്നിനെതിരേ അഞ്ചു ഗോളിന് തോല്‍പ്പിച്ചു. ക്രിസ്റ്റല്‍ പാലസിനെതിരേ 3-0ത്തിന് ആയിരുന്നു ചെല്‍സിയുടെ വിജയം. 

ലെസ്റ്റര്‍ സിറ്റി വോള്‍വ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. എവര്‍ട്ടണ്‍ സതാംപ്റ്റണേയും വാറ്റ്‌ഫോര്‍ഡ് ആസ്റ്റണ്‍ വില്ലയേയും തോല്‍പ്പിച്ചു. ബേണ്‍ലിക്കെതിരേ ബ്രൈറ്റണും വിജയം കണ്ടു.

ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഹാട്രികാണ് യുണൈറ്റഡിന് വന്‍ വിജയമൊരുക്കിയത്. മാസോണ്‍ ഗ്രീന്‍വുഡും ഫ്രെഡുമാണ് മറ്റു ഗോള്‍ സ്‌കോറര്‍മാര്‍. ലീഡ്‌സിന്റെ ഗോള്‍ ലൂക്ക് അയ്‌ലിങ് നേടി. 

മാര്‍ക്കോസ് അലോണ്‍സോ, ക്രിസ്റ്റിയന്‍ പുലിസിച്ച്, ട്രെവോ കാലോബാഹ് എന്നിവരാണ് ചെല്‍സിയുടെ ഗോള്‍സ്‌കോറര്‍മാര്‍. ജാമി വാര്‍ഡിയുടെ ഒറ്റ ഗോളിലാണ് ലെസ്റ്റര്‍ സിറ്റിയുടെ വിജയം.

Content Highlights: EPL 2021-2022 Manchester United Chelsea Football