ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻ അട്ടിമറികൾ. ടോട്ടൻഹാം മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒന്നിനെതിരെ ആറു ഗോളിന് തകർത്തപ്പോൾ പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിനെ ആസ്റ്റൺവില്ല 7-2ന് അട്ടിമറിച്ചു. മറ്റു മത്സരങ്ങളിൽ ആഴ്സണൽ ഷെഫീൽഡ് യുണൈറ്റഡിനേയും വോൾവ്സ് ഫുൾഹാമിനേയും തോൽപ്പിച്ചു. ലെസ്റ്റർ സിറ്റിക്കെതിരെ വെസ്റ്റ്ഹാം 3-0 ത്തിന് വിജയിച്ചപ്പോൾ വെസ്റ്റ് ബ്രോമിനെ സതാംപ്റ്റണും പരാജയപ്പെടുത്തി.
ആസ്റ്റൺ വില്ലയുടെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ലിവർപൂൾ തകർന്നടിയുകയായിരുന്നു. ഒലി വാറ്റ്കിൻസ് ആസ്റ്റൺ വില്ലയ്ക്കായി മൂന്നു ഗോളടിച്ചപ്പോൾ ജാക്ക് ഗ്രീലിഷ് ഇരട്ടഗോൾ നേടി. ജോൺ മക്ഗിനും റോസ് ബാർക്ലിയും ഓരോ ഗോൾ വീതം അടിച്ചു. ലിവർപൂളിനായി മുഹമ്മദ് സല ഇരട്ടഗോൾ കണ്ടെത്തി. 1953-ന് ശേഷം ആദ്യമായാണ് പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യൻമാരായ ഒരു ടീം ഏഴ് ഗോളുകൾ വഴങ്ങുന്നത്.
അതേസമയം സ്വന്തം മൈതാനമായ ഓൾഡ് ട്രാഫഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നാണക്കേടിലേക്ക് കൂപ്പുകുത്തുന്നതും ആരാധകർ കണ്ടു. യുണൈറ്റഡിന്റെ മുൻ പരിശീലകനായ ഹൗസെ മൗറിന്യോയുടെ ടീമായ ടോട്ടൻഹാം യുണൈറ്റഡിനെ വെള്ളം കുടിപ്പിക്കുകയായിരുന്നു.
രണ്ടാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പെനാൽറ്റിയിലൂടെ യുണൈറ്റഡ് ലീഡെടുത്തു. എന്നാൽ പിന്നീട് ടോട്ടനത്തിന്റെ ഗോൾമഴയാണ് കണ്ടത്. സൺ ഹ്യൂങ് മിന്നും ഹാരി കെയ്നും ഇരട്ടഗോൾ കണ്ടെത്തിയപ്പോൾ ടാങ്കയ് എൻഡോൻബെലെ, സെർജി ഓരിയർ എന്നിവർ ഓരോ ഗോൾ വീതം നേടി. 28-ാം മിനിറ്റിൽ അന്തോണി മാർഷ്യൽ ചുവപ്പ് കാർഡ് കണ്ടതും യുണൈറ്റഡിന് തിരിച്ചടിയായി.
Content Highlights: EPL 2020, Liverpool, Manchester United, Football