ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിനും ലിവർപൂളിനും സ്വപ്നത്തുടക്കം. പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ലിവർപൂൾ 4-3ന് ലീഡ്സിനെ തോൽപ്പിച്ചപ്പോൾ ഫുൾഹാമിനെതിരേ എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു ആഴ്സണലിന്റെ വിജയം. മറ്റൊരു മത്സരത്തിൽ ക്രിസ്റ്റൽ പാലസ് ഒരൊറ്റ ഗോളിന് സതാംപ്റ്റണെ തോൽപ്പിച്ചു.
ആൻഫീൽഡിൽ ലിവർപൂളും ലീഡ്സും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടത്. ഒടുവിൽ മുഹമ്മദ് സലായുടെ ഹാട്രിക് മികവിൽ നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ ലീഡ്സിനെ കീഴടക്കി.
മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ ലിവർപൂൾ ലീഡെടുത്തു. സലായുടെ ഒരു ഷോട്ട് ഹാൻഡ് ബോൾ ആയതോടെ ലഭിച്ച പെനാൽറ്റിയിലൂടെയായിരുന്നു ഗോൾ. ഷോട്ട് എടുത്ത സലായ്ക്ക പിഴച്ചില്ല. എന്നാൽ പിന്നീട് കണ്ടത് ലീഡ്സിന്റെ മാജിക്ക് ആയിരുന്നു. ചാമ്പ്യൻഷിപ്പ് കിരീടം നേടി പ്രീമിയർ ലീഗിൽ കളിക്കാനെത്തിയ ലീഡ്സ് തങ്ങളുടെ മികവ് മുഴുവൻ പുറത്തെടുത്തു.
12-ാം മിനിറ്റിൽ ജാക്ക് ഹാരിസണിലൂടെ ലീഡ്സ് ഒപ്പമെത്തി. ഇടതു വിങ്ങിൽ നിന്ന് അർനോൾഡിനെ മറികടന്ന് വാൻ ഡൈകിന്റെ പിഴവ് മുതലെടുത്തായിരുന്നു ഹാരിസൺന്റെ ഗോൾ. 20-ാം മിനിറ്റിൽ റോബേർട്സൺന്റെ കോർണറിൽ നിന്ന് ബുള്ളറ്റ് ഹെഡ്ഡറിലൂടെ വാൻ ഡൈക് ലിവർപൂളിന് വീണ്ടും ലീഡ് നൽകി. 30-ാം മിനിറ്റിൽ ബാംഫോർഡ് ലീഡ്സിനെ വീണ്ടും ഒപ്പമെത്തിച്ചു. എന്നാൽ മൂന്നു മിനിറ്റിനുള്ളിൽ ലിവർപൂൾ തിരിച്ചടിച്ചു. സലായുടെ ഒരു പവർഫുൾ ഷോട്ടിൽ നിന്നായിരുന്നു ലിവർപൂളിന്റെ മൂന്നാം ഗോൾ. ഇതോടെ ആതിഥേയർ 3-2ന് മുന്നിലെത്തി.
പിന്നീട് 66-ാം മിനിറ്റിൽ ക്ലിക്കിന്റെ ഗോളിലൂടെ ലീഡ്സ് ലിവർപൂളിനെ ഒപ്പം പിടിച്ചു. ഇതോടെ മത്സരം 3-3 എന്ന നിലയിലായി. ഇരുടീമുകളും തമ്മിൽ വിജയഗോളിനായുള്ള പോരാട്ടമാണ് പിന്നീട് കണ്ടത്. 88-ാം മിനിറ്റിൽ ഫാബിനോയെ വീഴ്ത്തിയതിന് ലിവർപൂളിന് അനുകൂലമായ പെനാൽറ്റി. ഇത്തവണയും സല ലക്ഷ്യം കണ്ടു. ഇതോടെ ഈജിപ്ഷ്യൻ താരം തന്റെ ഹാട്രികും ലിവർപൂൾ വിജയഗോളും നേടി.
പ്രീമിയർ ലീഗ് പുതിയ സീസണിൽ ഉദ്ഘാടന മത്സരത്തിൽ ആരാധകർ കണ്ടത് ആഴ്സലിന്റെ സൂപ്പർ പ്രകടനമാണ്. അർട്ടേറ്റയുടെ തന്ത്രങ്ങൾക്ക് മുന്നിൽ ഫുൾഹാം തകർന്നു. പുതിയ താരമായ ഗബ്രിയേൽ ഒരു ഗോൾ നേടിയപ്പോൾ ചെൽസിയിൽ നിന്നെത്തിയ വില്ല്യൻ മൂന്നു ഗോളിന് വഴിയൊരുക്കിയാണ് മത്സരത്തിൽ തിളങ്ങിയത്.
എട്ടാം മിനിറ്റിൽ തന്നെ ആഴ്സണൽ ലീഡെടുത്തു. വില്ല്യന്റെ ഷോട്ടിൽ നിന്ന് ലഭിച്ച റീബൗണ്ട് ലകാസെറ്റ് വലയിലെത്തിക്കുകയായിരുന്നു. 49-ാം മിനിറ്റിൽ വില്ല്യന്റെ കോർണർ പ്രതിരോധ താരം ഗബ്രിയേൽ ഒരു ഫ്രീ ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് ആഴ്സണലിന് വീണ്ടും ലീഡ് നൽകി.പത്ത് മിനിറ്റിന് ശേഷം ഒബാമയാങ്ങിലൂടെ ആഴ്സണൽ മൂന്നു ഗോളിന് മുന്നിലെത്തി. ആ ഗോളിനും വഴിയൊരുക്കിയത് വില്ല്യനാണ്.
സ്വന്തം ഗ്രൗണ്ടിൽ സതാംപ്റ്റണെ ഒരൊറ്റ ഗോളിനാണ് ക്രിസ്റ്റൽ പാലസ് കീഴടക്കിയത്. 13-ാം മിനിറ്റിൽ വിൽഫ്രഡ് സാഹയാണ് ക്രിസ്റഅറൽ പാലസിന്റെ ഗോൾ നേടിയത്.