ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുതിയ സീസണിൽ ചെൽസിക്ക് വിജയത്തുടക്കം. ഒന്നിനെതിരേ മൂന്നു ഗോളിന് ചെൽസി ബ്രൈറ്റണെ തോൽപ്പിച്ചു. ജോർജിഞ്ഞോ, റീസ് ജെയിംസ്, കുർട്ട് സൗമ എന്നിവർ ചെൽസിയുടെ ഗോളുകൾ നേടിയപ്പോൾ ലിയാൻഡ്രൊ ട്രൊസാർഡ് ബ്രൈറ്റണായി ലക്ഷ്യം കണ്ടു.

23-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ചെൽസി ലീഡെടുത്തു. തിമോ വെർണറെ ബ്രൈറ്റൺ ഗോൾകീപ്പർ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ജോർജിഞ്ഞോ ലക്ഷ്യത്തിലെത്തിച്ചു. എന്നാൽ 54-ാം മിനിറ്റിൽ ചെൽസി ഗോൾകീപ്പറുടെ പിഴവ് മുതലെടുത്ത് ബ്രൈറ്റൺ ഒപ്പമെത്തി. ട്രൊസാർഡിന്റെ ദുർബലമായ ഷോട്ട് തടുക്കുന്നതിൽ ചെൽസി ഗോൾകീപ്പർക്ക് പിഴവ് പറ്റുകയായിരുന്നു.

എന്നാൽ രണ്ടു മിനിറ്റിനുള്ളിൽ ചെൽസി വീണ്ടും ലീഡെടുത്തു. ബോക്സിന് പുറത്ത് നിന്ന് റീസ് ജെയിംസ് തൊടുത്ത ബുള്ളറ്റ് ഷോട്ട് ബ്രൈറ്റൺന്റെ വലയിൽ പതിച്ചു. 66-ാം മിനിറ്റിൽ ചെൽസി മൂന്നാം ഗോളും നേടി. ജെയിംസിന്റെ കോർണറിൽ നിന്ന് പ്രതിരോധ താരം കുർട്ട് സൗമ ലക്ഷ്യം കാണുകയായിരുന്നു.

Content Highlights: EPL 2020 Chelsea win