ലണ്ടൻ:ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസി സമനിലയിൽ കുരുങ്ങിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. വെസ്റ്റ് ബ്രോമിനെതിരെ ചെൽസി 3-3ന് സമനില വഴങ്ങിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് 3-2ന് ബ്രൈറ്റണെ തോൽപ്പിച്ചു.

രണ്ടാം പകുതിയിൽ നടത്തിയ അവിശ്വസനീയ തിരിച്ചുവരവാണ് ചെൽസിക്ക് സമനില സമ്മാനിച്ചത്. കളി തുടങ്ങി 30 മിനിറ്റിനുള്ളിൽ മൂന്നു ഗോളുകളാണ് ചെൽസി വഴങ്ങിയത്. നാലാം മിനിറ്റിൽ കാലം റോബിൻസണിലൂടെ വെസ്റ്റ്ബ്രോം ലീഡെടുത്തു. 25-ാം മിനിറ്റിൽ തിയാഗോ സിൽവയുടെ പിഴവിൽ റോബിൻസൺ വീണ്ടും ലക്ഷ്യം കണ്ടു. ഏറെ വൈകാതെ കോർണറിൽ നിന്ന് ബർട്ലി മൂന്നാം ഗോളും നേടി.

ഇതോടെ ചെൽസി പരുങ്ങലിലായി. എന്നാൽ രണ്ടാം പകുതിയിൽ അലോൻസോ, കോവാസിച്ച് എന്നിവരെ പിൻവലിച്ച് ലാംപാർഡ് ആസ്പിലിക്വറ്റ, ഹഡ്സൺ ഓഡോയി എന്നിവരെ കളത്തിലറക്കി. ഇതു ഫലം കണ്ടു. 55-ാം മിനിറ്റിൽ മൗണ്ടിന്റെ കിടിലൻ ഗോളിൽ ഒരു ഗോൾ മടക്കിയ ചെൽസി 70-ാം മിനിറ്റിൽ ഓഡോയിയിലൂടെ സ്കോർ 3-2 ആക്കി ഉയർത്തി. കളി തീരാൻ മിനിറ്റുകൾ ശേഷിക്കെ ടാമി എബ്രഹാമിന്റെ ഗോളിലൂടെ ചെൽസി സമനില നേടി.

ബ്രൈറ്റണിനെതിരായ മത്സരത്തിൽ 3-2നായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം. 40-ാം മിനിറ്റിൽ നീൽ മൗപായിയുടെ പെനാൽറ്റി ഗോളിലൂടെ ബ്രൈറ്റണാണ് ലീഡെടുത്തത്. മൂന്നു മിനിറ്റിനുള്ളിൽ ലൂയിസ് ഡങ്കിന്റെ സെൽഫ് ഗോളിലൂടെ യുണൈറ്റഡ് ഒപ്പം പിടിച്ചു. 55-ാം മിനിറ്റിൽ മാർക്കസ് റാഷ്ഫോർഡ് യുണൈറ്റഡിന് ലീഡ് നൽകി. എന്നാൽ ഇഞ്ചുറി ടൈമിലായിരുന്നു മത്സരഫലം നിർണയിച്ച ഗോളുകൾ വന്നത്. 94-ാം മിനിറ്റിൽ സോളി മാർച്ചിലൂടെ ബ്രൈറ്റൺ യുണൈറ്റഡിനെ ഒപ്പം പിടിച്ചെങ്കിലും 99-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിന് വിജയഗോൾ സമ്മാനിച്ചു.

മറ്റു മത്സരങ്ങളിൽ സതാംപ്റ്റൺ ബേൺലിയേയും എവർട്ടൺ ക്രിസ്റ്റൽ പാലസിനേയും പരാജയപ്പെടുത്തി.

Content Highlights: EPL 2020 Chelsea Manchester United Football