ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തൻമാരുടെ പോരാട്ടത്തിൽ ലിവർപൂളിന് വിജയം. ആഴ്സണലിനെ ഒന്നിനെതിരേ മൂന്നു ഗോളിനാണ് ലിവർപൂൾ തോൽപ്പിച്ചത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ലിവർപൂളിന്റെ തിരിച്ചുവരവ്.
25-ാം മിനിറ്റിൽ അലക്സാന്ദ്ര ലകാസെറ്റയിലൂടെ ആഴ്സണൽ ലീഡെടുത്തു. എന്നാൽ ഈ ലീഡിന് മൂന്നു മിനിറ്റിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. 28-ാം മിനിറ്റിൽ സാദിയോ മാനേയിലൂടെ ലിവർപൂൾ ഒപ്പമെത്തി. 34-ാം മിനിറ്റിൽ ആൻഡ്രു റോബേർട്സണും 88-ാം മിനിറ്റിൽ ഡിയോഗൊ ജോറ്റയും ലിവർപൂളിനായി ഗോൾ നേടി.
മറ്റൊരു മത്സരത്തിൽ ആസ്റ്റൺ വില്ല ഫുൾഹാമിനെ തോൽപ്പിച്ചു. എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു ആസ്റ്റൺ വില്ലയുടെ വിജയം.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മൂന്നു മത്സരങ്ങൾ പിന്നിട്ടപ്പോൾ ഒമ്പത് പോയിന്റുമായി ലെസ്റ്റർ സിറ്റിയാണ് ഒന്നാമത്. ഇത്രയും പോയിന്റുള്ള ലിവർപൂൾ രണ്ടാം സ്ഥാനത്തും എവർട്ടൺ മൂന്നാം സ്ഥാനത്തുമാണ്.
Content Highlights: EPL 2020 Arsenal Liverpool Football