ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തളച്ച് ആഴ്സണല്‍. ചെല്‍സി സമനിലയില്‍ കുരുങ്ങിയപ്പോള്‍ ലിവര്‍പൂളിന് വിജയം. ആഴ്സണല്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. എഫ്.എ കപ്പിലേറ്റ തോല്‍വിക്ക് യുണൈറ്റഡിനോടുള്ള ആഴ്സണലിന്റെ മധുരപ്രതികാരം.
മത്സരം തുടങ്ങി 12-ാം മിനിറ്റില്‍ ഷാക്കെയിലൂടെ ആഴ്സണല്‍ ലീഡെടുത്തു. ഷാക്കെയുടെ ഷോട്ടിന്റെ ദിശ കണക്കൂട്ടുന്നതില് യുണൈറ്റഡ് ഗോളിക്ക് പിഴക്കുകയായിരുന്നു. 69-ാം മിനിറ്റില്‍ ആഴ്സണലിന്റെ രണ്ടാം ഗോളെത്തി. ഫ്രെഡ് ലകാസെറ്റയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഒബാമയങ് വലയിലെത്തിച്ചു.
മറ്റൊരു മത്സരത്തില്‍ വോള്‍വ്സിനെതിരെ ചെല്‍സി സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. 56-ാം മിനിറ്റില്‍ റൗള്‍ ജിമ്മെന്സിന്റെ ഗോളില്‍ വോള്‍വ്സ് ലീഡെടുത്തു. പിന്നീട് ഇഞ്ചുറി ടൈമില്‍ ഈഡന് ഹസാര്‍ഡ് ചെല്‍സിയുടെ രക്ഷക്കെത്തുകയായിരുന്നു.
ബേണ്‍ലി എഫ്.സിക്കെതിരേ 4-2നായിരുന്നു ലിവര്‍പൂളിന്റെ വിജയം. റോബര്‍ട്ടൊ ഫിര്‍മിനോയും സാദിയോ മാനേയും ലിവര്‍പൂളിനായി ഇരട്ടഗോളുകള്‍ നേടി. ആഷലി വെസ്റ്റ്വുഡ്, ഗുമൂണ്ട്സണ് എന്നിവരാണ് ബേണ്‍ലിക്കായി വല ചലിപ്പിച്ചത്.
30 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 74 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് മുന്നില്‍. തൊട്ടുപിന്നില്‍ ലിവര്‍പൂളുണ്ട്. ഒരു പോയിന്റ് മാത്രമാണ് വ്യത്യാസം. ടോട്ടനം മൂന്നാമതും ആഴ്സണല്‍ നാലാമതുമാണ്. യുണൈറ്റഡ് അഞ്ചാം സ്ഥാനത്തും ചെല്‍സി ആറാമതുമാണ്.
Content Highlights: EPL 2019 Manchester United Chelsea Arsenal