ലണ്ടന്‍:  ഫുട്‌ബോള്‍ ലീഗുകളെല്ലാം കിരീടത്തോട് അടുക്കുകയാണ്. ഇറ്റാലിയന്‍ ലീഗില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസ് കിരീടം നേടിക്കഴിഞ്ഞു. ലാ ലിഗയില്‍ ബാഴ്‌സലോണ കിരീടത്തിന് ഒരു വിജയം അരികെ മാത്രമാണ്. എന്നാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമാണ്.

ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും ഓരോ മത്സരങ്ങള്‍ കഴിയുംതോറും ഒന്നാം സ്ഥാനം മാറ്റിക്കളിക്കുകയാണ്. 35 ആഴ്ച്ചകള്‍ക്കിടെ 29-ാമത്തെ തവണയാണ് സിറ്റിയും ലിവര്‍പൂള്‍ തമ്മില്‍ ലീഡ് മാറിമറയുന്നത്. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ച് സിറ്റി ഒന്നാമതെത്തിയിരുന്നു. എന്നാല്‍ ഹഡേഴ്‌സ്ഫീല്‍ഡിനെ 5-0ത്തിന് തകര്‍ത്ത് ലിവര്‍പൂള്‍ ലീഡ് തിരിച്ചുപിടിച്ചു. നിലവില്‍ 36 മത്സരങ്ങളില്‍ 28 വിജയവുമായി 91 പോയിന്റോടെ ഒന്നാമതാണ് ലിവര്‍പൂള്‍. ഒരു മത്സരം കുറച്ചു കളിച്ച സിറ്റി 29 വിജയത്തോടെ 89 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. 

ഹഡേഴ്‌സ്ഫീല്‍ഡിനിടെ സാദിയോ മാനേയുടെയും മുഹമ്മദ് സലായുടേയും ഇരട്ടഗോളുകളാണ് ലിവര്‍പൂളിന് വമ്പന്‍ വിജയമൊരുക്കിയത്. കളി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ നഹി കെയ്തയിലൂടെ ലിവര്‍പൂള്‍ ലീഡെടുത്തു. പിന്നീട് 23-ാം മിനിറ്റില്‍ സാദിയോ മാനെ ലക്ഷ്യം കണ്ടു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സലയും ഗോള്‍ കണ്ടെത്തി. ഇതോടെ ലിവര്‍പൂള്‍ 3-0ത്തിന് മുന്നിലായി. 66-ാം മിനിറ്റില്‍ സല ഇരട്ടഗോള്‍ പൂര്‍ത്തിയാക്കി. 83-ാം മിനിറ്റില്‍ സലയും വീണ്ടും ലക്ഷ്യം കണ്ടു. ഇതോടെ ലിവര്‍പൂള്‍ എതിരില്ലാത്ത അഞ്ചു ഗോളെന്ന വലിയ വിജയം നേടി.

ഇരട്ടഗോളോടെ സല മറ്റൊരു റെക്കോഡ് കൂടി നേടി. പ്രീമിയര്‍ ലീഗ് ഈ സീസണില്‍ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് സല സ്വന്തമാക്കിയത്. ഇത് തുടര്‍ച്ചയായ രണ്ടാം സീസണിലാണ് ഈജിപ്ഷ്യന്‍ താരം ഇരുപതോ അതിലധികമോ ഗോളുകള്‍ നേടുന്നത്. 

Content Highlights: EPL 2019 Manchester City Liverpool Football