ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ വമ്പന്‍മാര്‍ക്ക് ജയം. ലിവര്‍പൂള്‍ ന്യൂകാസില്‍ യുണൈറ്റഡിനെയും (3-1) മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ലെസ്റ്റര്‍ സിറ്റിയെയും (1-0) ചെല്‍സി വോള്‍വ്സിനെയും കീഴടക്കി (5-2). ടോട്ടനം ഹോട്സ്പര്‍ ക്രിസ്റ്റല്‍ പാലസിനെ തകര്‍ത്തു (4-0).

കളിയുടെ എട്ടാം മിനിറ്റില്‍ മര്‍ക്കസ് റാഷ്ഫോഡ് പെനാല്‍ട്ടി കിക്ക് ലക്ഷ്യത്തിലെത്തിച്ചാണ് യുണൈറ്റഡിന് ജയം നേടിക്കൊടുത്തത്. സാദിയോ മാനെയുടെ (28, 40) ഇരട്ടഗോള്‍ മികവിലാണ് ലിവര്‍പൂള്‍ ജയിച്ചത്. മുഹമ്മദ് സലയും (72) ഗോള്‍ നേടി. ന്യൂകാസിലിനായി ജെട്രോ വില്യംസ് (ഏഴ്) സ്‌കോര്‍ ചെയ്തു.

ടാമി എബ്രഹാമിന്റെ ഹാട്രിക്കിന്റെ (34, 41, 55) പിന്‍ബലത്തിലാണ് ചെല്‍സി മുന്നേറിയത്. ഫിക്കായോ ടോമോറി (31) മാസണ്‍ മൗണ്ട് (90+6) എന്നിവരും ഗോള്‍ നേടി. വോള്‍വ്സിന്റെ ഗോള്‍ പാട്രിക് കട്ട്റോണ്‍ (85) നേടി. ടാമി എബ്രഹാമിന്റെ സെല്‍ഫ് ഗോളുമുണ്ട്.

കൊറിയന്‍ താരം സണ്‍ ഹ്യൂങ് മിന്‍ ഇരട്ടഗോള്‍ (10, 23) നേടിയ മത്സരത്തിലാണ് ടോട്ടനം ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ചത്. എറിക് ലമേലയും സ്‌കോര്‍ ചെയ്തു. പാട്രിക് വാന്‍ ആന്‍ഹോള്‍ട്ടിന്റെ സെല്‍ഫ് ഗോളും ടീമിന്റെ അക്കൗണ്ടിലുണ്ട്. അഞ്ച് കളിയില്‍ നിന്ന് 15 പോയന്റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ടോട്ടനം, യുണൈറ്റഡ്, ചെല്‍സി ടീമുകള്‍ക്ക് എട്ട് പോയന്റുണ്ട്.

Content Highlights: EPL 2019 Liverpool Manchester United Chelsea