ലണ്ടൻ: പത്ത് മാസം നീണ്ടുനിന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിന് ഞായറാഴ്ച സൂപ്പർ ക്ലൈമാക്സോടെ തിരശ്ശീല വീഴുന്നു.
ഒരു ത്രില്ലർ സിനിമയെ അനുസ്മരിപ്പിക്കും വിധത്തിലായിരുന്നു മാഞ്ചെസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിലുള്ള കിരീടപോരാട്ടം. നായകനും വില്ലനും തമ്മിലുള്ള സംഘട്ടനങ്ങൾപോലെ സിറ്റിയും ചെമ്പടയും പോയന്റ് പട്ടികയിൽ മാറി മാറി മുന്നിലെത്തി.
വിജയനായകരാവാൻ ഞായറാഴ്ച സിറ്റിക്ക് വേണ്ടത് ഒരു ജയം. ലിവർപൂളിന് ജയിച്ചാൽമാത്രം പോരാ, സിറ്റി തോൽക്കുകയോ സമനിലയിൽ കുരുങ്ങുകയോ വേണം. സിറ്റിക്ക് ബ്രൈട്ടനും ലിവർപൂളിന് വോൾവ്‌സുമാണ് എതിരാളി. രാത്രി 7.30 മുതലാണ് മത്സരം.
37 മത്സരങ്ങളിൽ 95 പോയന്റാണ് സിറ്റിയുടെ സമ്പാദ്യം. 94 പോയന്റാണ് രണ്ടാമതുള്ള ലിവർപൂളിന്റെ സമ്പാദ്യം.
*നിലവിലെ ചാമ്പ്യൻമാരായ സിറ്റി ലീഗിൽ ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്. 1992-ൽ പ്രീമിയർ ലീഗ് രൂപം കൊണ്ടതിനുശേഷം നാലാം കിരീടവും. 18 തവണ ജേതാക്കാളായ ലിവർപൂൾ ഒരിക്കൽ പോലും പ്രീമിയർ ലീഗിൽ മുത്തമിട്ടിട്ടില്ല.
ബ്രൈറ്റാവണം സിറ്റിക്ക്
സീസണിൽ ബ്രൈട്ടനും സിറ്റിയും രണ്ടുതവണ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ടിലും സിറ്റി ജയിച്ചു. എഫ്.എ. കപ്പിലും പ്രീമിയർ ലീഗിലുമായിരുന്നു മത്സരങ്ങൾ. രണ്ടിലുമായി മൂന്ന് ഗോളടിച്ച സിറ്റി ഒരുഗോൾ പോലും വഴങ്ങിയിട്ടില്ല. ഈ കണക്കുകളിലാണ് സിറ്റിയുടെ പ്രതീക്ഷ. ഒപ്പം താരങ്ങളുടെ മികച്ച ഫോമും.
സീസണിന്റെ പകുതിയിൽ ഏഴ് പോയന്റിന് ലിവർപൂളിന് പിറകിലായിരുന്ന സിറ്റി കഴിഞ്ഞ 13 കളിയും ജയിച്ചാണ് അവരുടെ ആധിപത്യം തകർത്തത്. ആർക്കും പരിക്കില്ലാത്തത് ടീമിന്റെ സാധ്യതകൾ വർധിപ്പിക്കുന്നു. ബ്രൈട്ടണിന്റെ ഗ്രൗണ്ടിലാണ് മത്സരം.
സൈക്കോ വോൾവ്‌സ്
ബാഴ്‌സലോണയെ തോൽപ്പിച്ച് ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിയ ആത്മവിശ്വാസവുമായാണ് ലിവർപൂൾ അവസാന പോരാട്ടത്തിനെത്തുന്നത്. എന്നാൽ, ചെമ്പടയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. പ്രീമിയർ ലീഗിലെ ’സൈക്കോ’ എന്ന വിളിപ്പേരുള്ള ടീമാണ് വോൾവ്സ്. ചെറിയ ടീമുകളോട് തോൽക്കുന്ന വോൾവ്‌സ് വമ്പൻമാർക്കെതിരേ മികച്ച പോരാട്ടം കാഴ്ചവെക്കും. വോൾവ്‌സിന്റെ ഈ റെക്കോഡ് ചെറുതായിട്ടെങ്കിലും ലിവർപൂളിന് ആശങ്കയുണ്ടാക്കുന്നുണ്ട്. പ്രീമിയർ ലീഗിൽ വോൾവ്‌സ് ലിവർപൂളിനെ തോൽപ്പിച്ചുണ്ടെങ്കിലും എഫ്.എ. കപ്പിൽ അവരോട് തോൽക്കുകയും ചെയ്തു. ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിലാണ് മത്സരം.
Content Highlights: EPL 2019 English Premier League Climax Lverpool Manchester City