ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തന്മാരുടെ പോരാട്ടത്തില്‍ ആഴ്സണലിന് വിജയം. ചെല്‍സിയെ എതിരില്ലാത്ത രണ്ട് ഗോളിന് ആഴ്സണല്‍ തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബ്രൈറ്റനേയും ലിവര്‍പൂള്‍ ക്രിസ്റ്റല്‍ പാലസിനേയും പരാജയപ്പെടുത്തി.
ആദ്യ പകുതിയില്‍ നേടിയ രണ്ട് ഗോളുകളാണ് ചെല്‍സിക്കെതിരെ ആഴ്സണലിന് വിജയമൊരുക്കിയത്. 14-ാം മിനിറ്റില്‍ ലാകസെറ്റ ആഴ്സണലിനെ മുന്നിലെത്തിച്ചു. 39-ാം മിനിറ്റില്‍ കോസെല്‍നിയിലൂടെ ആഴ്സണല്‍ ലീഡ് രണ്ടാക്കി.
ക്രിസ്റ്റല്‍ പാലസിനെതിരെ തോല്‍വിയുടെ വക്കില്‍ നിന്നാണ് ലിവര്‍പൂള്‍ വിജയിച്ചുകയറിയത്. ഒരു ചുവപ്പു കാര്‍ഡും മൂന്നു ഗോളുകളും ലിവര്‍പൂള്‍ വഴങ്ങി. എന്നിട്ടും 4-3ന് ക്രിസ്റ്റല്‍ പാലസിനെതിരെ ലിവര്‍പൂള്‍ വിജയിച്ചുകയറി.
മുഹമ്മദ് സല ഇരട്ടഗോള്‍ നേടിയപ്പോള്‍ ഫെര്‍മീന്യോ, സാദിയോ മാനേ എന്നിവരാണ് ലിവര്‍പൂളിന്റെ ശേഷിക്കുന്ന ഗോളുകള്‍ കണ്ടെത്തിയത്. 89-ാം മിനിറ്റില്‍ ജെയിംസ് മില്‍നെര്‍ ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയതോടെ പത്ത് പേരായി ചുരുങ്ങിയിട്ടും 93-ാം മിനിറ്റില്‍ ലിവര്‍പൂള്‍ വിജയഗോള്‍ നേടി. ടൗണ്‍സെന്‍ഡ്, ടോംകിന്‍സ്, മാക്സ് മേയര്‍ എന്നിവരാണ് ക്രിസ്റ്റല്‍ പാലസിനായി ലക്ഷ്യം കണ്ടത്.
പുതിയ പരിശീലകന് സോള്‍ഷ്യാറുടെ കീഴില്‍ തുടര്‍ച്ചയായ ഏഴാം വിജയവുമായാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കുതിപ്പ്. ബ്രൈറ്റനെ ഒന്നിനെതിരേ രണ്ടു ഗോളിന് യുണൈറ്റഡ് പരാജയപ്പെടുത്തി.
27-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ പോള്‍ പോഗ്ബ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. 42-ാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡ് ലീഡ് ഇരട്ടിയാക്കി. 72-ാം മിനിറ്റില്‍ പാസ്കല്‍ ഗ്രോസിലൂടെ ബ്രൈറ്റന് ഒരു ഗോള്‍ തിരിച്ചടിച്ചു.
ലീഗില്‍ 23 മത്സരങ്ങളില്‍ 60 പോയിന്റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 22 മത്സരങ്ങളില്‍ 60 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാമത്. ടോട്ടനം മൂന്നാമതും ചെല്‍സി നാലാമതുമാണ്. ആഴ്സണല്‍ അഞ്ചാം സ്ഥാനത്തും.
Content Highlights: EPL 2019 Arsenal win vs Chelsea Liverpool Manchester United
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..