ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ അവരുടെ മൈതാനത്ത് അട്ടിമറിച്ച് ക്രിസ്റ്റല്‍ പാലസ്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ഗ്വാര്‍ഡിയോളയുടെ സംഘത്തിന്റെ തോല്‍വി. 

ആറാം മിനിറ്റില്‍ വില്‍ഫ്രൈഡ് സാഹയും 88-ാം മിനിറ്റില്‍ കോണര്‍ ഗല്ലാഗറുമാണ് ക്രിസ്റ്റല്‍ പാലസിനായി സ്‌കോര്‍ ചെയ്തത്. 

ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഐമെറിക് ലപോട്ടെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെ സിറ്റി 10 പേരുമായാണ് രണ്ടാം പകുതി പൂര്‍ത്തിയാക്കിയത്.

10 മത്സരങ്ങളില്‍ നിന്ന് 20 പോയന്റുമായി സിറ്റി മൂന്നാം സ്ഥാനത്താണ്. 

ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ സമനിലയില്‍ തളച്ച് ബ്രൈറ്റണ്‍

മറ്റൊരു മത്സരത്തില്‍ രണ്ടു ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച ബ്രൈറ്റണ്‍ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ സമനിലയില്‍ തളച്ചു.

നാലാം മിനിറ്റില്‍ ജോര്‍ദന്‍ ഹെന്‍ഡേഴ്‌സണിലൂടെ മൂന്നിലെത്തിയ ലിവര്‍പൂളിനായി 24-ാം മിനിറ്റില്‍ സാദിയോ മാനെയും സ്‌കോര്‍ ചെയ്തു. 

എന്നാല്‍ കളി കൈയിലായിയെന്ന് ലിവര്‍പൂള്‍ കരുതിയിടത്തു നിന്ന് തിരിച്ചടിച്ച ബ്രൈറ്റണ്‍ 41-ാം മിനിറ്റില്‍ എനോക് എംവെപുവിലൂടെ ആദ്യ ഗോള്‍ നേടി അവര്‍ 65-ാം മിനിറ്റില്‍ ലിയാന്‍ഡ്രോ ട്രൊസ്സാര്‍ഡിലൂടെ സമനില ഗോളും നേടി.

ഇതോടെ 10 മത്സരങ്ങളില്‍ നിന്ന് 22 പോയന്റുമായി ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.

റീസ് ജെയിംസ് തിളങ്ങി. തകര്‍പ്പന്‍ ജയവുമായി ചെല്‍സി

പ്രതിരോധ താരം റീസ് ജെയിംസ് രണ്ട് ഗോളുകള്‍ നേടിയ മത്സരത്തില്‍ ന്യൂ കാസില്‍ യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ചെല്‍സി. 

65, 77 മിനിറ്റുകളിലായിരുന്നു ജെയിംസിന്റെ ഗോളുകള്‍. 81-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജോര്‍ജിന്യോ ചെല്‍സിയുടെ ഗോള്‍ പട്ടിക തികച്ചു.

ജയത്തോടെ ചെല്‍സി പ്രീമിയര്‍ ലീഗില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

വന്‍ മതിലായി ആരോണ്‍ റാംസ്‌ഡേല്‍, ലെസ്റ്ററിനെ തകര്‍ത്ത് ഗണ്ണേഴ്‌സ്

ഗോള്‍കീപ്പര്‍ ആരോണ്‍ റാംസ്‌ഡേല്‍ തകര്‍പ്പന്‍ സേവുകളുമായി കളംനിറഞ്ഞ മത്സരത്തില്‍ ആഴ്‌സണലിന് ജയം. ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സ് പരാജയപ്പെടുത്തിയത്. 

അഞ്ചാം മിനിറ്റില്‍ ഗബ്രിയേലും 18-ാം മിനിറ്റില്‍ എമില്‍ സ്മിത്തുമാണ് ഗണ്ണേഴ്‌സിനായി സ്‌കോര്‍ ചെയ്തത്. മത്സരത്തിലുടനീളം ഏഴോളം രക്ഷപ്പെടുത്തലുകളാണ് റാംസ്‌ഡേല്‍ നടത്തിയത്.

Content Highlights: english premier league win for chelsea arsenal and manchester city lost