ലണ്ടന്‍: കഴിഞ്ഞ സീസണില്‍ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട കിരീടം ഇത്തവണ സ്വന്തമാക്കാമെന്ന പ്രതീക്ഷയോടെ ലിവര്‍പൂള്‍. രണ്ടാം ഡിവിഷനായ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ മികവ് നിലനിര്‍ത്താമെന്ന മോഹത്തോടെ നോര്‍വിച്ച് സിറ്റി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ സീസണിന്റെ ആദ്യമത്സരത്തില്‍ ഇരുടീമുകളും കൊമ്പുകോര്‍ക്കുമ്പോള്‍ മത്സരം കൊഴുക്കും. വെള്ളിയാഴ്ച രാത്രി 12.30-നാണ് കിക്കോഫ്.

പ്രീമിയര്‍ ലീഗ് നഷ്ടപ്പെട്ടെങ്കിലും ചാമ്പ്യന്‍സ് ലീഗ് നേടിയാണ് ലിവര്‍പൂള്‍ കഴിഞ്ഞ സീസണ്‍ അവസാനിപ്പിച്ചത്. ടീമില്‍ കാര്യമായ മാറ്റമൊന്നും പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ് വരുത്തിയിട്ടില്ല. ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ വലിയ ഇടപെടലിനും മുതിര്‍ന്നില്ല. കഴിഞ്ഞ സീസണിലെ അതേ ടീംതന്നെ ഇക്കുറിയും കളിക്കും.

പ്രീസീസണില്‍ ലിവര്‍പൂളിന് ഫോമിലേക്കുയരാന്‍ കഴിഞ്ഞില്ല. ഏഴു കളികളില്‍ മൂന്നെണ്ണം മാത്രമാണ് ജയിച്ചത്. അതില്‍ രണ്ടെണ്ണം ദുര്‍ബല ടീമുകള്‍ക്കെതിരേ. നാപ്പോളി, സെവിയ ടീമുകള്‍ക്കെതിരേ ടീം തോറ്റു. ഒടുവില്‍ കമ്യൂണിറ്റി ഷീല്‍ഡില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയോട് ഷൂട്ടൗട്ടിലും കീഴടങ്ങി. എന്നാല്‍, പ്രീസീസണ്‍ മത്സരങ്ങള്‍വെച്ച് ടീമിനെ അളക്കാന്‍ കഴിയില്ല.

നോര്‍വിച്ചിനെതിരേ സാദിയോ മാനെ, ജെയിംസ് മില്‍നര്‍ എന്നിവരുടെ കാര്യത്തില്‍ സംശയമുണ്ട്. ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ കളിച്ചശേഷം മാനെ വൈകിയാണ് ടീമിനൊപ്പം ചേര്‍ന്നത്. മാനെയുടെ സ്ഥാനത്ത് ഡിവോഗ് ഒറിഗിയെ പരീക്ഷിക്കാനാണ് സാധ്യത. റോബര്‍ട്ടോ ഫിര്‍മിനോയും മുഹമ്മദ് സലയും മുന്നേറ്റത്തിലുണ്ടാകും. 

മധ്യനിരയില്‍ നായകന്‍ ജോര്‍ഡാന്‍ ഹെന്‍ഡേഴ്സന്‍-ഫാബിന്യോ-ജോര്‍ജീനിയോ വിനാള്‍ഡം എന്നിവര്‍ കളിക്കുമ്പോള്‍ പ്രതിരോധത്തില്‍ ആന്‍ഡ്രു റോബര്‍ട്ട്സന്‍, വിര്‍ജില്‍ വാന്‍ഡെയ്ക്ക്, ജോ ഗോമസ്, അലക്സാന്‍ഡര്‍ അര്‍നോള്‍ഡ് എന്നിവരാകും. ഗോള്‍ കീപ്പറായി അലിസണുമിറങ്ങും.

ചാമ്പ്യന്‍ഷിപ്പില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്താണ് നോര്‍വിച്ച് കിരീടം നേടിയത്. 46 കളിയില്‍ 27 ജയം നേടിയ ടീം ആറെണ്ണത്തില്‍ മാത്രമാണ് തോറ്റത്. 2007 മുതല്‍ പരിശീലനച്ചുമതല വഹിക്കുന്ന ഡാനിയേല്‍ ഫാര്‍ക്കെയുടെ കീഴില്‍ ടീം ഒത്തിണങ്ങിയിട്ടുണ്ട്.

ചാമ്പ്യന്‍ഷിപ്പില്‍ 29 ഗോളോടെ ടോപ് സ്‌കോററായ ഫിന്‍ലന്‍ഡ് താരം തിമു പിക്കുവിലാണ് ടീമിന്റെ പ്രതീക്ഷ. പരിക്കുമൂലം പ്രതിരോധനിരക്കാരന്‍ ക്രിസ്റ്റോഫ് സിമ്മര്‍മാന്‍, മധ്യനിരക്കാരായ ലൂയി തോംപ്സണ്‍, അലക്സാണ്ടര്‍ ടെറ്റി എന്നിവര്‍ കളിക്കാത്തത് തിരിച്ചടിയാണ്.

ലുക്കാക്കു ഇന്ററിലേക്ക്; ഡേവിഡ് ലൂയിസ് ആഴ്സനലില്‍

ലണ്ടന്‍: നാടകീയമായ നീക്കങ്ങളില്ലാതെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കൈമാറ്റവിപണിയുടെ അവസാനദിനം. വമ്പന്‍ താരങ്ങളൊന്നും ഇംഗ്ലീഷ് ക്ലബ്ബുകളിലേക്ക് അവസാനമണിക്കൂറില്‍ എത്തിയില്ല. അതേസമയം വലിയ തുകയ്ക്ക് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ബെല്‍ജിയം സ്ട്രൈക്കര്‍ റൊമേലു ലുക്കാക്കുവിനെ ഇന്റര്‍മിലാന് കൈമാറുകയും ചെയ്തു. 633 കോടി രൂപയ്ക്കാണ് ലുക്കാക്കുവിനെ ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ സ്വന്തമാക്കിയത്. 2017-ല്‍ യുണൈറ്റഡ് 641 കോടിയോളം രൂപയ്ക്കാണ് എവര്‍ട്ടണില്‍നിന്ന് താരത്തെ നേടിയത്.

ചെല്‍സിയില്‍നിന്ന് ബ്രസീല്‍ പ്രതിരോധനിരതാരം ഡേവിഡ് ലൂയിസിനെ 68 കോടി രൂപയ്ക്ക് ആഴ്സനല്‍ സ്വന്തമാക്കിയതാണ് ശ്രദ്ധേയമായ കൈമാറ്റം. ടോട്ടനം ഫുള്‍ഹാമില്‍നിന്നു 213 കോടി രൂപയ്ക്ക് 19-കാരനായ മധ്യനിരതാരം റയാന്‍ സെസെഗ്‌നോണിനെ സ്വന്തമാക്കി. വാറ്റ്ഫെഡ് ഫ്രഞ്ച് ക്ലബ്ബ് റെന്നസിന്റെ സെനഗല്‍ താരം ഇസ്മയില്‍ സാറുമായി കരാറിലെത്തിയതാണ് മറ്റൊരു ശ്രദ്ധേയ കൈമാറ്റം. 277 കോടിയാണ് ഇതിനായി മുടക്കിയത്.

Content Highlights: English Premier League to begin Friday