ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്രിസ്മസ് അവധിക്ക് പിരിയുമ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിനും മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനും മനംനിറയെ സന്തോഷം. ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ തുടര്‍ച്ചയായി ഏഴു കളികളില്‍ തോല്‍ക്കാതെ മൂന്നാംസ്ഥാനത്തേക്ക് കുതിച്ചുകയറിയതിന്റെ ആത്മവിശ്വാസത്തിലാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. രണ്ടാംസ്ഥാനത്തുള്ള ലെസ്റ്റര്‍ സിറ്റിക്കും നാലാം സ്ഥാനത്തുള്ള എവര്‍ട്ടണിനും ആശ്വാസത്തോടെ ആഘോഷങ്ങളില്‍ പങ്കുചേരാം.

എന്നാല്‍, മറ്റുടീമുകളുടെ അവസ്ഥ വ്യത്യസ്തമാണ്. കടുത്തപോരാട്ടം നടക്കുന്ന സീസണില്‍ അട്ടിമറികള്‍ തുടര്‍ക്കഥയാകുന്നു. ചെറിയ ടീമുകള്‍ വമ്പന്‍മാരെ പലവട്ടം കീഴടക്കി. ഒന്നാംസ്ഥാനത്തുപോലും ടീമുകള്‍ മാറിമാറിവന്നു. ടോട്ടനം, ലെസ്റ്റര്‍ സിറ്റി, എവര്‍ട്ടണ്‍, ചെല്‍സി എന്നീ ടീമുകള്‍ മാറിമാറി ഒന്നാം സ്ഥാനത്തെത്തി. അതേസമയം മാഞ്ചെസ്റ്റര്‍ സിറ്റി, ആഴ്‌സനല്‍ ടീമുകള്‍ പതറുന്നതും കണ്ടു.

പ്രതിരോധത്തിലെ കരുത്തന്‍ വിര്‍ജില്‍ വാന്‍ഡെയ്ക്കിനെ നഷ്ടപ്പെട്ടിട്ടും പരിക്ക് പലതാരങ്ങളെയും വേട്ടയാടിയിട്ടും പതറിയില്ല എന്നതാണ് ലിവര്‍പൂളിന്റെ പ്ലസ് പോയന്റ്. ആസ്റ്റണ്‍ വില്ലയോട് വന്‍തോല്‍വി ഏറ്റുവാങ്ങിയശേഷം കളിച്ച പത്തു മത്സരങ്ങളില്‍ ടീം തോറ്റിട്ടില്ല. പരിശീലകന്‍ ഒലെ ഗുണാര്‍ സോള്‍ഷേറിന്റെ കസേര തെറിക്കുന്നമെന്ന ഘട്ടത്തില്‍നിന്നാണ് യുണൈറ്റഡ് പിടിച്ചുകയറിയത്. ഒരു കളി കുറച്ചുകളിച്ച അവര്‍ ലിവര്‍പൂളിനെക്കാള്‍ അഞ്ചുപോയന്റിന് മാത്രം പിന്നിലാണിപ്പോള്‍. മികച്ച ടീമുണ്ടായിട്ടും സ്ഥിരതയില്ലായ്മ ചെല്‍സിക്ക് വിനയാകുന്നു. എവര്‍ട്ടണിന് എല്ലാ കളികളിലും പോരാട്ടവീര്യം പുറത്തെടുക്കാന്‍ കഴിയുന്നില്ല. തുടര്‍ച്ചയായ രണ്ടു തോല്‍വികളാണ് ടോട്ടനത്തെ താഴോട്ടുവലിച്ചത്. കടലാസിലെ കരുത്ത് പുറത്തെടുക്കാന്‍കഴിയാതെ മാഞ്ചെസ്റ്റര്‍ സിറ്റി ഉഴറുന്നു. ഏറ്റവും ദയനീയ പ്രകടനം വരുന്നത് ആഴ്‌സനലില്‍നിന്നാണ്. എട്ടു കളികളില്‍ തോറ്റ ടീം 15-ാം സ്ഥാനത്താണ്.

സതാംപ്ടണ്‍, ആസ്റ്റണ്‍വില്ല, വെസ്റ്റ്ഹാം ടീമുകള്‍ മറ്റുള്ളവര്‍ക്ക് ഭീഷണിയുയര്‍ത്തുന്നു. ഗോള്‍വേട്ടയില്‍ മുഹമ്മദ് സല (13) മുന്നിലുണ്ട്. 11 ഗോളുമായി ഡൊമെനിക് കാള്‍വെര്‍ട്ട്, ജെയ്മി വാര്‍ഡി, സണ്‍ ഹ്യൂങ് മിന്‍ എന്നിവര്‍ തൊട്ടുപിന്നിലും.

Content Highlights: English Premier League standings before Christmas Holidays