ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ തോല്‍വികളില്‍ നിന്നും ഒടുവില്‍ ആഴ്‌സനല്‍ കരകയറി. കരുത്തരായ ചെല്‍സിയെ തകര്‍ത്താണ് ഗണ്ണേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തിയത്. കരുത്തരുടെ പോരാട്ടത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ലെസ്റ്റര്‍ സിറ്റിയോട് സമനില വഴങ്ങിയപ്പോള്‍ കോവിഡ് തളര്‍ത്തിയിട്ടും മാഞ്ചെസ്റ്റര്‍ സിറ്റി വിജയം ആഘോഷിച്ചു.

ചെല്‍സിയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ആഴ്‌സനല്‍ തോല്‍പ്പിച്ചത്. ടീമിനായി ലക്കാസെറ്റെ, ഗ്രാനിറ്റ് സാക്ക, ബുക്കായോ സാക്ക എന്നിവരാണ് ആഴ്‌സനലിനായി സ്‌കോര്‍ ചെയ്തത്. ചെല്‍സിയ്ക്ക് വേണ്ടി ടാമി എബ്രഹാം ആശ്വാസ ഗോള്‍ നേടി. ഈ വിജയത്തോടെ ആഴ്‌സനല്‍ 14-ാം സ്ഥാനത്തെത്തി. തോല്‍വി ചെല്‍സിയെ ഏഴാം സ്ഥാനത്തേക്ക് ഇറക്കി.

കരുത്തരുടെ പോരാട്ടത്തില്‍ ലെസ്റ്റര്‍ സിറ്റിയും മാഞ്ചെസ്റ്റര്‍ യുണൈറ്റഡും രണ്ടു ഗോളുകള്‍ വീതം നേടി പിരിഞ്ഞു. മാര്‍ക്കസ് റാഷ്‌ഫോര്‍ഡിലൂടെ യുണൈറ്റഡാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ഹാര്‍വി ബാണ്‍സിലൂടെ ലെസ്റ്റര്‍ സമനില നേടി. രണ്ടാം പകുതിയില്‍ ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ വീണ്ടും യുണൈറ്റഡ് മുന്നില്‍ കയറിയെങ്കിലും 85-ാം മിനിട്ടില്‍ അക്‌സെല്‍ ടുവാന്‍സെബെയുടെ സെല്‍ഫ് ഗോള്‍ വീണ്ടും ടീമിനെ സമനിലയിലേക്കെത്തിച്ചു. സമനിലയിലൂടെ 15 മത്സരങ്ങളില്‍ നിന്നും 28 പോയന്റുള്ള ലെസ്റ്റര്‍ മൂന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ഒരു മത്സരം കുറച്ചുകളിച്ച് 27 പോയന്റുകളുമായി യുണൈറ്റഡ് നാലാം സ്ഥാനത്തെത്തി. 

വാക്കറും ജെസ്യുസും അഗ്യൂറോയും ഇല്ലാതെ ഇറങ്ങിയ സിറ്റി ന്യൂകാസില്‍ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സിറ്റിയ്ക്ക് വേണ്ടി ഗുണ്ടോഗനും ഫെറാന്‍ ടോറസും ഗോളുകള്‍ നേടി. ജയത്തോടെ ടീം പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. 

മറ്റുമത്സരങ്ങളില്‍ സതാംപ്ടണ്‍ ഫുള്‍ഹാമിനോട് സമനില വഴങ്ങിയപ്പോള്‍ ആസ്റ്റണ്‍ വില്ല ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് പരാജയപ്പെടുത്തി.

Content Highlights: English Premier League standings 2020-21 season