ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ കരുത്തരായ ചെല്‍സിയും ലിവര്‍പൂളും സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനില നേടിയത്. 

പ്രവചനങ്ങള്‍ക്ക് സാധ്യതയില്ലാതിരുന്ന മത്സരത്തില്‍ 22-ാം മിനിട്ടില്‍ കൈ ഹാര്‍വെര്‍ട്‌സിലൂടെ ചെല്‍സിയാണ് ആദ്യ ലീഡെടുത്തത്. തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയാണ്താരം സ്‌കോര്‍ ചെയ്തത്. എന്നാല്‍ ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ മുഹമ്മദ് സലയിലൂടെ ലിവര്‍പൂള്‍ സമനില നേടി. 

പെനാല്‍ട്ടി ബോക്‌സില്‍ ലിവര്‍പൂളിന്റെ ഗോള്‍ശ്രമം കൈകൊണ്ട് തടഞ്ഞ ചെല്‍സി താരം റീസ് ജെയിംസിന്റെ ഫൗളില്‍ നിന്ന് ലിവര്‍പൂളിന് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. ഒപ്പം ജെയിംസിന് ചുവപ്പുകാര്‍ഡും ലഭിച്ചു. ഇതോടെ ചെല്‍സി പത്തുപേരായി ചുരുങ്ങി. പെനാല്‍ട്ടി കിക്കെടുത്ത സൂപ്പര്‍താരം സലയ്ക്ക് തെറ്റിയില്ല. അനായാസം പന്ത് വലയിലെത്തിച്ച് താരം ടീമിന് സമനില സമ്മാനിച്ചു. സമനിലയോടെ ചെല്‍സി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തും ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

മറ്റൊരു ഗ്ലാമര്‍ പോരാട്ടത്തില്‍ ആഴ്‌സനലിനെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റി തകര്‍ത്തു.മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ആക്രമണങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ആഴ്‌സനലിന് കഴിഞ്ഞില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാര്‍ 5-0ത്തിന് ഗണ്ണേഴ്‌സിനെ മുക്കി. ലീഗില്‍ ആഴ്‌സനലിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. 

ഫെറാന്‍ ടോറസ് സിറ്റിക്കായി ഇരട്ടഗോള്‍ (12, 84) നേടി. ഇല്‍കേ ഗുണ്ടോഗന്‍ (7), ഗബ്രിയേല്‍ ജെസ്യൂസ് (43), റോഡ്രി (53) എന്നിവരും സ്‌കോര്‍ ചെയ്തു. 35ാം മിനിറ്റില്‍ ആഴ്‌സനലിന്റെ ഗ്രാനിറ്റ് ഷാക്ക ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. ഈ വിജയത്തോടെ സിറ്റി പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. എന്നാല്‍ തുടര്‍ച്ചായ മൂന്നാം തോല്‍വി വഴങ്ങിയ ആഴ്‌സനല്‍ അവസാന സ്ഥാനത്തേക്ക് വീണു. 

നോര്‍വിച്ച് സിറ്റിയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ലെസ്റ്റര്‍ കീഴടക്കിയത്. ലെസ്റ്ററിനായി ജെയ്മി വാര്‍ഡിയും മാര്‍ക്ക് ആല്‍ബ്രൈട്ടണും ഗോള്‍ നേടിയപ്പോള്‍ പെനാല്‍ട്ടിയിലൂടെ ടീമു പുക്കി നോര്‍വിച്ചിന്റെ ആശ്വാസ ഗോള്‍ നേടി. 

മറ്റൊരു മത്സരത്തില്‍ എവര്‍ട്ടണ്‍ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് ബ്രൈട്ടണെ തകര്‍ത്തു. ഡെമറായ് ഗ്രേയും ഡൊമിനിക്ക് കാള്‍വേര്‍ട്ട് ലൂയിനുമാണ് ടീമിനായി ഗോള്‍ നേടിയത്. 

മറ്റ് മത്സരങ്ങളില്‍ ന്യൂ കാസില്‍ 2-2 എന്ന സ്‌കോറിന് സതാംപ്ടണെ സമനിലയില്‍ തളച്ചപ്പോള്‍ വെസ്റ്റ് ഹാം ഇതേ സ്‌കോറിന് ക്രിസ്റ്റല്‍ പാലസിനോടും സമനില വഴങ്ങി. കറുത്തകുതിരകളായ ബ്രെന്റ്‌ഫോര്‍ഡ് 1-1 എന്ന സ്‌കോറിന് ആസ്റ്റണ്‍ വില്ലയെ സമനിലയില്‍ തളച്ചു. 

Content Highlights: English premier league round three results