ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ടോട്ടനം ഹോട്‌സ്പറിന് വിജയം. ആസ്റ്റണ്‍ വില്ലയെയാണ് ടോട്ടനം കീഴടക്കിയത്. കരുത്തരായ ലെസ്റ്റര്‍ സിറ്റിയെ ക്രിസ്റ്റല്‍ പാലസ് സമനിലയില്‍ തളച്ചു. വെസ്റ്റ്ഹാം ബ്രെന്റ്‌ഫോര്‍ഡിനോട് തോല്‍വി വഴങ്ങി.

ടോട്ടനത്തിന്റെ തട്ടകത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ആതിഥേയരുടെ വിജയം. 27-ാം മിനിട്ടില്‍ പിയെറി എമിലെ ഹോയ്ബ്യര്‍ഗിലൂടെ ടോട്ടനം ലീഡെടുത്തു. ആദ്യ പകുതിയില്‍ ആ ലീഡ് കാത്തുസൂക്ഷിക്കാനും ടീമിന് സാധിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ഒലി വാറ്റ്കിന്‍സിലൂടെ ആസ്റ്റണ്‍ വില്ല സമനില ഗോള്‍ നേടി. 

പക്ഷേ വില്ലയുടെ സന്തോഷത്തിന് വെറും നാല് മിനിട്ട് ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. വില്ലയുടെ തന്നെ മാറ്റ് ടാര്‍ഗറ്റ് വഴങ്ങിയ സെല്‍ഫ് ഗോളില്‍ ടോട്ടനം മുന്നില്‍ കയറി. ആ ഗോളിന്റെ ബലത്തില്‍ ടോട്ടനം വിജയം നേടുകയും ചെയ്തു. ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ ടോട്ടനം എട്ടാം സ്ഥാനത്തേക്കുയര്‍ന്നു. ആസ്റ്റണ്‍ വില്ല പത്താമതാണ്.

ലെസ്റ്ററിനെ 2-2 എന്ന സ്‌കോറിനാണ് ക്രിസ്റ്റല്‍ പാലസ് സമനിലയില്‍ തളച്ചത്. ആദ്യ പകുതിയില്‍ 2-0 ന് മുന്നില്‍ നിന്ന ലെസ്റ്റര്‍ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ വഴങ്ങുകയായിരുന്നു. ആദ്യ പകുതിയില്‍ കെലച്ചി ഇഹിയനാച്ചോയും സൂപ്പര്‍ താരം ജെയ്മി വാര്‍ഡിയും ലെസ്റ്ററിനായി സ്‌കോര്‍ ചെയ്തു. വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ലെസ്റ്ററിനെതിരേ ക്രിസ്റ്റല്‍ പാലസിനായി മിഷേല്‍ ഒലീസെയും ജെഫ്രി ഷല്‍പ്പും സ്‌കോര്‍ ചെയ്തു. ഈ സമനിലയോടെ ലെസ്റ്റര്‍ പോയന്റ് പട്ടികയില്‍ 13-ാം സ്ഥാനത്ത് തുടരുന്നു. ക്രിസ്റ്റല്‍ പാലസ് 14-ാം സ്ഥാനത്താണ്. 

ഈ സീസണിലെ കറുത്ത കുതിരകളായ ബ്രെന്റ്‌ഫോര്‍ഡ് തകര്‍പ്പന്‍ ഫോം തുടരുകയാണ്. വെസ്റ്റ് ഹാമിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ടീം കീഴടക്കിയത്. മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ യോനെ വിസ്സയാണ് ബ്രെന്റ്‌ഫോര്‍ഡിനായി വിജയഗോള്‍ നേടിയത്. 20-ാം മിനിട്ടില്‍ ബ്രയാന്‍ എംബിയോമോയിലൂടെ ബ്രെന്റ്‌ഫോര്‍ഡാണ് മത്സരത്തിലാദ്യം ലീഡെടുത്തത്. 80-ാം മിനിട്ടില്‍ ജറോഡ് ബോവന്‍ വെസ്റ്റ്ഹാമിനായി ഒരു ഗോള്‍ തിരിച്ചടിച്ചു. 

ഈ വിജയത്തോടെ ബ്രെന്റ്‌ഫോര്‍ഡ് ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീം ഒരു മത്സരത്തില്‍ മാത്രമാണ് തോറ്റത്. മൂന്നു മത്സരത്തില്‍ വിജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ സമനില നേടി. മറുവശത്ത് വെസ്റ്റ്ഹാം ഒന്‍പതാം സ്ഥാനത്ത് തുടരുന്നു. 

Content Highlights: English Premier League Round Seven Match Results 2021-2022