ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഒന്‍പതാം റൗണ്ട് പോരാട്ടങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റി, കരുത്തരായ ചെല്‍സി എന്നീ ടീമുകള്‍ക്ക് ജയം. എന്നാല്‍ എവര്‍ട്ടണെ വാറ്റ്‌ഫോര്‍ഡ് അട്ടിമറിച്ചു. 

എതിരില്ലാത്ത ഏഴുഗോളുകള്‍ക്ക് ചെല്‍സി നോര്‍വിച്ച് സിറ്റിയെ നാണം കെടുത്തി. ഹാട്രിക്ക് നേടിയ ഇംഗ്ലീഷ് താരം മേസണ്‍ മൗണ്ടാണ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. കാലം ഹഡ്‌സണ്‍ ഒഡോയ്, റീസ് ജെയിംസ്, ബെന്‍ ചില്‍വെല്‍ എന്നിവരും ചെല്‍സിയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടു. മാക്‌സ് അരോണ്‍സിന്റെ സെല്‍ഫ് ഗോളും ടീമിന് തുണയായി. ഈ സീസണിലെ ഒരു ടീമിന്റെ ഏറ്റവും വലിയ വിജയമാണിത്. ഇതോടെ 9 മത്സരങ്ങളില്‍ നിന്ന് 22 പോയന്റുകളുമായി ചെല്‍സി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.

നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റി ഒന്നിനെതിരേ നാലുഗോളുകള്‍ക്ക് ബ്രൈട്ടണെ കീഴടക്കി. ചെല്‍സിയ്ക്ക് വേണ്ടി യുവതാരം ഫില്‍ ഫോഡന്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഇല്‍കായ് ഗുണ്ടോഗന്‍, റിയാദ് മെഹ്‌റസ് എന്നിവരും ലക്ഷ്യം കണ്ടു. പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് അലെക്‌സിസ് മാക്ക് അലിസ്റ്റര്‍ ബ്രൈട്ടന്റെ ആശ്വാസ ഗോള്‍ നേടി. ഈ വിജയത്തോടെ സിറ്റി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. 9 മത്സരങ്ങളില്‍ നിന്ന് 20 പോയന്റാണ് ടീമിനുള്ളത്. 

വാറ്റ്‌ഫോര്‍ഡ് രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്ക് എവര്‍ട്ടണെ അട്ടിമറിച്ചു. വാറ്റ്‌ഫോര്‍ഡിന് വേണ്ടി ജോഷ്വ കിങ് ഹാട്രിക്ക് നേടി. യുറാജ് കുക്ക, ഇമ്മാനുവേല്‍ ബോണാവെഞ്ച്വര്‍ എന്നിവരും സ്‌കോര്‍ ചെയ്തു. എവര്‍ട്ടണ് വേണ്ടി ടോം ഡേവിസ്, റിച്ചാര്‍ലിസണ്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. വാറ്റ്‌ഫോര്‍ഡിന് ഏറെ ആശ്വാസം പകരുന്ന വിജയമാണിത്. ഈ വിജയത്തോടെ ടീം 14-ാം സ്ഥാനത്തെത്തി. എവര്‍ട്ടണ്‍ എട്ടാം സ്ഥാനത്തേക്ക് വീണു. 

മറ്റുമത്സരങ്ങളെല്ലാം സമനിലയില്‍ കലാശിച്ചു. ക്രിസ്റ്റല്‍ പാലസ് ന്യൂ കാസിലിനെയും (1-1), ലീഡ്‌സ് യുണൈറ്റഡ് വോള്‍വ്‌സിനെയും (1-1), സതാംപ്ടണ്‍ ബേണ്‍ലിലെയും (2-2) സമനിലയില്‍ കുരുക്കി.

Content Highlights: English Premier League Round Nine Results