ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടരുന്ന ചെല്‍സിയെ സമനിലയില്‍ തളച്ച് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. മറ്റ് മത്സരങ്ങളില്‍ മാഞ്ചെസ്റ്റര്‍ സിറ്റി വെസ്റ്റ് ഹാമിനെ കീഴടക്കിയപ്പോള്‍ ലെസ്റ്റര്‍ സിറ്റി വാറ്റ്‌ഫോര്‍ഡിനെ തകര്‍ത്തു.

ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനായി ജേഡന്‍ സാഞ്ചോയും ആതിഥേയര്‍ക്ക് വേണ്ടി ജോര്‍ജീന്യോയും ലക്ഷ്യം കണ്ടു. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. 

രണ്ടാം പകുതിയില്‍ 50-ാം മിനിട്ടില്‍ യുണൈറ്റഡാണ് ആദ്യം ലീഡെടുത്തത്. സാഞ്ചോയുടെ മികച്ച ഫിനിഷിലൂടെ ചുവന്ന ചെകുത്താന്മാര്‍ ലീഡെടുത്തു. സാഞ്ചോയുടെ ആദ്യ പ്രീമിയര്‍ ലീഗ് ഗോളായിരുന്നു ഇത്. എന്നാല്‍ യുണൈറ്റഡിന്റെ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. 69-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് നായകന്‍ ജോര്‍ജീന്യോ ചെല്‍സിയ്ക്ക് സമനില സമ്മാനിച്ചു. 

സൂപ്പര്‍ താരം  റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് താത്കാലിക പരിശീലകന്‍ മൈക്കിള്‍ കാരിക്ക് യുണൈറ്റഡിനെ ഇറക്കിയത്. ചെല്‍സിയാണ് മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയത്. 

മറ്റൊരു മത്സരത്തില്‍ സിറ്റി ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് അട്ടിമറി വീരന്മാരായ വെസ്റ്റ് ഹാമിനെ കീഴടക്കി. സിറ്റയ്ക്ക് വേണ്ടി ഇല്‍കൈ ഗുണ്ടോഗനും ഫെര്‍ണാണ്ടിന്യോയും സ്‌കോര്‍ ചെയ്തപ്പോള്‍ വെസ്റ്റ് ഹാമിനായി മാനുവേല്‍ ലാന്‍സിനി ആശ്വാസ ഗോള്‍ നേടി. 

ലെസ്റ്റര്‍ രണ്ടിനെതിരേ നാലുഗോളുകള്‍ക്ക് വാറ്റ് ഫോര്‍ഡിനെ തകര്‍ത്തു. ലെസ്റ്ററിനായി ജെയ്മി വാര്‍ഡി ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ജെയിംസ് മാഡിസണ്‍, അഡെമോല ലുക്ക്മാന്‍ എന്നിവരും ലക്ഷ്യം കണ്ടു. വാറ്റ്‌ഫോര്‍ഡിനായി ജോഷ്വ കിങ്ങും ഇമ്മാനുവേല്‍ ബോണാവെന്‍ച്വറും സ്‌കോര്‍ ചെയ്തു. 

മറ്റ് മത്സരങ്ങളില്‍ ബ്രെന്റ്‌ഫോര്‍ഡ് എവര്‍ട്ടണെ എതിരില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ചപ്പോള്‍ ബ്രൈട്ടണ്‍ ലീഡ്‌സ് യുണൈറ്റഡിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 13 റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 30 പോയന്റുമായി ചെല്‍സിയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. 29 പോയന്റുമായി മാഞ്ചെസ്റ്റര്‍ സിറ്റി രണ്ടാമതും 28 പോയന്റുമായി ലിവര്‍പൂള്‍ മൂന്നാമതും നില്‍ക്കുന്നു. വെസ്റ്റ് ഹാം, ആഴ്‌സനല്‍ എന്നീ ടീമുകള്‍ നാല്, അഞ്ച് സ്ഥാനത്ത് നില്‍ക്കുന്നു. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഏഴാം സ്ഥാനത്താണ്. 

Content Highlights: English Premier League round 13 results; Manchester United, Chelsea, Manchester City Point Updates