ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാരായ ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോല്‍വി. ലെസ്റ്റര്‍ സിറ്റിയാണ് ലിവര്‍പൂളിനെ അട്ടിമറിച്ചത്. മറ്റൊരു മത്സരത്തില്‍ ടോട്ടനത്തെ സതാംപ്ടണ്‍ സമനിലയില്‍ തളച്ചു. 

ലെസ്റ്ററിന്റെ ഹോം ഗ്രൗണ്ടായ കിങ്പവര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ലിവര്‍പൂള്‍ പരാജയപ്പെട്ടത്. 59-ാം മിനിറ്റില്‍ അഡെമോല ലൂക്ക്മാന്‍ ലെസ്റ്ററിന് വേണ്ടി വിജയഗോള്‍ നേടി. ലിവര്‍പൂളിന്റെ ഗോളെന്നുറച്ച നാലിലധികം ഷോട്ടുകള്‍ തടഞ്ഞ ലെസ്റ്റര്‍ ഗോള്‍കീപ്പറും നായകനുമായി കാസ്‌പെര്‍ ഷ്‌മൈക്കേലാണ് ടീമിന്റെ വിജയശില്‍പി. 

മത്സരത്തില്‍ ലിവര്‍പൂളിന് പെനാല്‍ട്ടി വരെ ലഭിച്ചിട്ടും ഗോളടിക്കാനായില്ല. പെനാല്‍ട്ടി കിക്കെടുത്ത സൂപ്പര്‍ താരം മുഹമ്മദ് സലയുടെ ഷോട്ട് തട്ടിയകറ്റി ഷ്‌മൈക്കേല്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ഈ തോല്‍വിയോടെ 19 മത്സരങ്ങളില്‍ നിന്ന് 41 പോയന്റുമായി ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. 18 മത്സരങ്ങളില്‍ നിന്ന് 25 പോയന്റുള്ള ലെസ്റ്റര്‍ ഒന്‍പതാം സ്ഥാനത്താണ്. 

ടോട്ടനവും സതാംപ്ടണും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ടോട്ടനത്തിനുവേണ്ടി പെനാല്‍ട്ടിയിലൂടെ സൂപ്പര്‍ താരം ഹാരി കെയ്‌നും സതാംപ്ടണുവേണ്ടി നായകന്‍ ജെയിംസ് വാര്‍ഡ് പ്രൗസും ഗോളടിച്ചു. 39-ാം മിനിറ്റില്‍ പത്തുപേരായി ചുരുങ്ങിയിട്ടും സതാംപ്ടണ്‍ ടോട്ടനത്തെ സമനിലയില്‍ പിടിച്ചു. രണ്ട് തവണ ലക്ഷ്യം കണ്ടിട്ടും ടോട്ടനത്തിന് അനുകൂലമായി റഫറി ഗോള്‍ വിധിച്ചില്ല. ഈ സമനിലയോടെ ടോട്ടനം 17 മത്സരങ്ങളില്‍ നിന്ന് 30 പോയന്റുമായി ആറാം സ്ഥാനത്തെത്തി. സതാംപ്ടണ്‍ 13-ാം സ്ഥാനത്താണ്. 

മറ്റ് മത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നോര്‍വിച്ച് സിറ്റിയെ പരാജയപ്പെടുത്തിയപ്പോള്‍ വെസ്റ്റ് ഹാം ഒന്നിനെതിരേ നാലുഗോളുകള്‍ക്ക് വാറ്റ്‌ഫോര്‍ഡിനെ തകര്‍ത്തു. 

Content Highlights: english premier league results, liverpool vs leicester city, tottenham