Image Courtesy: Getty Images
ലണ്ടന്‍: ക്ലബ്ബ് ഫുട്ബോളിലെ പ്രീമിയര്‍ പോരാട്ടങ്ങളിലേക്ക് വീണ്ടും പന്തുരുളുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിന് ബുധനാഴ്ച രാത്രി തുടക്കമാകും. ആദ്യ മത്സരത്തില്‍ ആസ്റ്റണ്‍ വില്ല രാത്രി 10.30-ന് ഷെഫീല്‍ഡ് യുണൈറ്റഡിനെ നേരിടും. രാത്രി 12.45-ന് മാഞ്ചെസ്റ്റര്‍ സിറ്റിയും ആഴ്സനലും നേര്‍ക്കുനേര്‍ വരും.
കപ്പുറപ്പിച്ച് ലിവര്‍പൂള്‍
30 വര്‍ഷത്തിനുശേഷം ഇംഗ്ലീഷ് ഒന്നാം ഡിവിഷന്‍ കിരീടം മോഹിച്ചാണ് ലിവര്‍പൂള്‍ ഇറങ്ങുന്നത്. പ്രീമിയര്‍ ലീഗായി മാറിയശേഷം ക്ലബ്ബിന് കപ്പ് നേടാനുമായിട്ടില്ല. ഇത്തവണ കപ്പ് യര്‍ഗന്‍ ക്ലോപ്പിനും സംഘത്തിനും തൊട്ടുമുന്നിലുണ്ട്.
25 പോയന്റ് ലീഡുമായി ടീം ബഹുദൂരം മുന്നിലാണ്. അവശേഷിക്കുന്ന ഒമ്പത് മത്സരങ്ങളില്‍ മൂന്ന് ജയം കൊണ്ട് കിരീടത്തിലേക്കെത്താം. ആഴ്സനലിനോട് സിറ്റി തോറ്റാല്‍ ആദ്യ കളി ജയിച്ചും കിരീടത്തിലെത്താനുള്ള വഴിയുണ്ട്. കിരീടത്തിനൊപ്പം ഒരു പിടി റെക്കോഡുകളും ടീമിന് മുന്നിലുണ്ട്.
മാഞ്ചെസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനവും ലെസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനവും ഉറപ്പിച്ചാണ് മുന്നേറുന്നത്. എന്നാല്‍ നാലാം സ്ഥാനത്തിനായി കടുത്ത പോരാട്ടമുണ്ട്. ചെല്‍സി, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, വോള്‍വ്സ്, ഷെഫീല്‍ഡ് യുണൈറ്റഡ് ടീമുകള്‍. ലീഗിലെ ആദ്യ നാല് ടീമുകള്‍ക്കാണ് ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്ത്. അതിനാല്‍ ഈ സ്ഥാനത്തിനായി പോരാട്ടം കനക്കും.
നോര്‍വിച്ച് സിറ്റി (21), ആസ്റ്റണ്‍വില്ല (25), ബേണ്‍മത്ത് (27), വാറ്റ്ഫഡ് (27), വെസ്റ്റ്ഹാം (27) ടീമുകളാണ് തരംതാഴ്ത്തല്‍ ഒഴിവാക്കാന്‍ പോരാടുന്നത്.
അഞ്ച് പകരക്കാര്‍
കോവിഡ് വ്യാപനം കാരണം നിര്‍ത്തിവെച്ച ലീഗ് 100 ദിവസത്തിനുശേഷമാണ് പുനരാരംഭിക്കുന്നത്. കടുത്ത സുരക്ഷയ്ക്കു നടുവിലാകും മത്സരങ്ങള്‍. ലീഗില്‍ അഞ്ച് പകരക്കാര്‍ എന്ന ഫിഫയുടെ താത്കാലിക നിയമം ലീഗില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്റ്റേഡിയത്തില്‍ കളിക്കാര്‍ ഉള്‍പ്പെടെ ആകെ 300 പേര്‍ക്കു മാത്രമാകും പ്രവേശനം അനുവദിക്കുക.
ഗോള്‍വേട്ടയിലും മത്സരം
ലീഗിലെ ടോപ് സ്‌കോറര്‍പട്ടത്തിനായി കടുത്ത മത്സരമുണ്ട്. 19 ഗോളുമായി ലെസ്റ്റര്‍ സിറ്റിയുടെ ജെയ്മി വാര്‍ഡിയാണ് ഒന്നാം സ്ഥാനത്തുള്ളത്. ആഴ്സനലിന്റെ പിയറെ എംറിക് ഔബമെയങ് 17 ഗോളുമായി രണ്ടാം സ്ഥാനത്തുണ്ട്.
മാഞ്ചെസ്റ്റര്‍ സിറ്റിയുടെ സെര്‍ജിയോ അഗ്യൂറോ, ലിവര്‍പൂളിന്റെ മുഹമ്മദ് സല എന്നിവര്‍ 16 ഗോളുമായി മൂന്നാം സ്ഥാനത്തുണ്ട്. ലിവര്‍പൂളിന്റെ ഡാനി ഇങ്സ് (15), സാദിയോ മാനെ (14), മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ മാര്‍ക്കസ് റാഷ്ഫോഡ് (14) എന്നിവര്‍ അടുത്ത സ്ഥാനങ്ങളിലുണ്ട്.
Content Highlights: English Premier League restarts on Wednesday after a 100-day break
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..