ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാരായ ലിവര്‍പൂളിനും മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനും ചെല്‍സിയ്ക്കും വിജയം. എന്നാല്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ സിറ്റി തോല്‍വി വഴങ്ങി. ടോട്ടനമാണ് സിറ്റിയെ തകര്‍ത്തത്.

കരുത്തരായ ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് തകര്‍ത്താണ് ലിവര്‍പൂള്‍ വിജയം സ്വന്തമാക്കിയത്. സൂപ്പര്‍ താരം മുഹമ്മദ് സല ഇല്ലാതിരുന്നിട്ടും മികച്ച പ്രകടനമാണ് ലിവര്‍പൂള്‍ കാഴ്ചവെച്ചത്. ഡിയോഗോ ജോട്ട, റൊബെര്‍ട്ടോ ഫിര്‍മിനോ എന്നിവര്‍ ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തു. ജോണി ഇവാന്‍സിന്റെ സെല്‍ഫ് ഗോളും ലിവര്‍പൂളിന് തുണയായി. 

സീസണിന്റെ തുടക്കത്തില്‍ മങ്ങിയ ഫോമില്‍ കളിച്ച യുണൈറ്റഡ് വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്തി. എതിരില്ലാത്ത ഒരു ഗോളിന് വെസ്റ്റ് ബ്രോമിനെയാണ് ടീം തോല്‍പ്പിച്ചത്. പെനാല്‍ട്ടിയിലൂടെ സൂപ്പര്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസ് യുണൈറ്റഡിനായി സ്‌കോര്‍ ചെയ്തു. 

എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ടോട്ടനം സിറ്റിയെ നാണം കെടുത്തിയത്. ടോട്ടനത്തിന്റെ തട്ടകത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ടീമിനായി ഹ്യുങ് മിന്‍ സണ്ണും ജിയോവാനി ലോ സെല്‍സോയും സ്‌കോര്‍ ചെയ്തു. ഈ വിജയത്തോടെ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്താനും ടീമിനായി. 

ചെല്‍സി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ന്യൂകാസില്‍ യുണൈറ്റഡിനെ കീഴടക്കി.ടാമി അബ്രഹാം നീലപ്പടയ്ക്കായി സ്‌കോര്‍ ചെയ്തു.  ഫെഡെറിക്കോ ഫെർണാണ്ടസിന്റെ സെൽഫ് ​ഗോളും ചെൽസിയ്ക്ക് തുണയായി മറ്റൊരു മത്സരത്തില്‍ ലീഡ്‌സിനോട് ആഴ്‌സനല്‍ ഗോള്‍രഹിത സമനില വഴങ്ങി. 

ഒന്‍പത് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 20 പോയന്റുകളുമായി ടോട്ടനവും ലിവര്‍പൂളുമാണ് ഒന്ന്,രണ്ട് സ്ഥാനങ്ങളില്‍. 18 പോയന്റുള്ള ചെല്‍സിയും ലെസ്റ്ററും യഥാക്രമം മൂന്ന് നാല് സ്ഥാനങ്ങളിലാണ്. ഒരു മത്സരം കുറച്ചുകളിച്ച യുണൈറ്റഡ് പത്താമതും സിറ്റി പതിമ്മൂന്നാമതുമാണ്. ആഴ്‌സനല്‍ പതിനൊന്നാം സ്ഥാനത്ത് തുടരും. 

Content Highlights: English premier league ninth round match results