മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പോയന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഷെഫീല്‍ഡ് യുണൈറ്റഡിനോട് തോറ്റ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. സ്വന്തം മൈതാനമായ ഓള്‍ഡ് ട്രാഫഡില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ചുവന്ന ചെകുത്താന്‍മാരുടെ തോല്‍വി.

ജയത്തോടെ മാഞ്ചെസ്റ്റര്‍ സിറ്റിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനുള്ള അവസരമാണ് യുണൈറ്റഡ് നഷ്ടപ്പെടുത്തിയത്. ഈ സീസണില്‍ ഷെഫീല്‍ഡ് നേടുന്ന രണ്ടാമത്തെ മാത്രം വിജയമാണിത്.

മത്സരത്തിന്റെ 23-ാം മിനിറ്റില്‍ തന്നെ കീന്‍ ബ്രിയാനിലൂടെ ഷെഫീല്‍ഡ്, യുണൈറ്റഡിനെ ഞെട്ടിച്ചു. എന്നാല്‍ 64-ാം മിനിറ്റില്‍ ഹാരി മഗ്വയറിലൂടെ യുണൈറ്റഡ് ഒപ്പമെത്തി. എന്നാല്‍ 74-ാം മിനിറ്റില്‍ ഒളിവര്‍ ബുര്‍ക്കെ ഷെഫീല്‍ഡിന്റെ വിജയ ഗോള്‍ നേടി. 

പന്തടക്കത്തിലും ഷോട്ടുകളിലും ആധിപത്യം പുലര്‍ത്താനായെങ്കിലും രണ്ടാമതൊരിക്കല്‍ കൂടി ഷെഫീല്‍ഡിന്റെ പ്രതിരോധം ഭേദിക്കാന്‍ യുണൈറ്റഡിന് സാധിച്ചില്ല.

തോല്‍വിയോടെ 20 മത്സരങ്ങളില്‍ നിന്ന് 40 പോയന്റുമായി യുണൈറ്റഡ് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 

ലെസ്റ്ററിനെ സമനിലയില്‍ കുടുക്കി എവര്‍ട്ടണ്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ മൂന്നാം സ്ഥാനക്കാരായ ലെസ്റ്റര്‍ സിറ്റിയെ സമനിലയില്‍ കുരുക്കി. എവര്‍ട്ടണ്‍. 30-ാം മിനിറ്റില്‍ ജെയിംസ് റോഡ്രിഗസിലൂടെ എവര്‍ട്ടനാണ് ആദ്യം മുന്നിലെത്തിയത്. 67-ാം മിനിറ്റില്‍ യുറി ടെലെമാന്‍സിലൂടെ ലെസ്റ്റര്‍ സമനില ഗോള്‍ നേടി. 

20 മത്സരങ്ങളില്‍ നിന്ന് 39 പോയന്റുമായി ലെസ്റ്റര്‍ മൂന്നാം സ്ഥാനത്താണ്. 18 മത്സരങ്ങളില്‍ നിന്ന് 33 പോയന്റുള്ള എവര്‍ട്ടണ്‍ ഏഴാമതും.

Content Highlights: English Premier League Manchester United stunned by Sheffield United