ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയവുമായി മാഞ്ചെസ്റ്റര്‍ സിറ്റി. ഫില്‍ ഫോഡന്‍, റിയാദ് മഹ്‌രെസ് എന്നിവര്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് സ്വന്തം സ്‌റ്റേഡിയത്തില്‍ സിറ്റി ജയിച്ചുകയറിയത്.
ആദ്യ പകുതിയില്‍ തന്നെ മൂന്നു ഗോളുകള്‍ക്ക് മുന്നിലായിരുന്നു സിറ്റി. 22-ാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയുടെ പാസില്‍ നിന്ന് ഫോഡന്‍ സിറ്റിയെ മുന്നിലെത്തിച്ചു. 43-ാം മിനിറ്റില്‍ റിയാദ് സിറ്റിയുടെ ലീഡുയര്‍ത്തി. പിന്നാലെ അഗ്യൂറോയെ ജോഷ് ബ്രൗണ്‍ഹില്‍ ഫൗള്‍ ചെയ്തതിന് സിറ്റിക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. ഫൗളില്‍ പരിക്കേറ്റ് അഗ്യൂറോയ്ക്ക് പുറത്തുപോകേണ്ടി വന്നു. കിക്കെടുത്ത റിയാദ് ആദ്യ പകുതിയില്‍ സിറ്റിയുടെ ഗോള്‍ നേട്ടം മൂന്നാക്കി.
51-ാം മിനിറ്റില്‍ ഡേവിഡ് സില്‍വയും സിറ്റിക്കായി സ്‌കോര്‍ ചെയ്തു. 63-ാം മിനിറ്റില്‍ ഫോഡന്‍ സിറ്റിയുടെ ഗോള്‍ പട്ടിക തികച്ചു.
ആഴ്സനലിനെതിരേ 3-0ന് ജയിച്ച ടീമില്‍ എട്ടു മാറ്റങ്ങള്‍ വരുത്തിയാണ് പെപ് ഗ്വാര്‍ഡിയോള ബേണ്‍ലിക്കെതിരായ മത്സരത്തില്‍ ടീമിനെ ഇറക്കിയത്. ടീം അടിമുടി മാറിയതൊന്നും പക്ഷേ സിറ്റിയുടെ പ്രകടനത്തില്‍ നിഴലിച്ചില്ല.
ജയത്തോടെ 30 മത്സരങ്ങളില്‍ നിന്ന് 63 പോയന്റുമായി സിറ്റി രണ്ടാമതാണ്. ഒമ്പത് പോയന്റ് പിന്നിലുള്ള ലെസ്റ്റര്‍ സിറ്റിയാണ് മൂന്നാമത്.
Content Highlights: english premier league Manchester City beat Burnley 5-0