ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ലെസ്റ്റര്‍ സിറ്റിക്കും തകര്‍പ്പന്‍ ജയം. ലെസ്റ്റര്‍ സിറ്റി സൗത്താംപ്ടണെ മടക്കമില്ലാത്ത ഒന്‍പത് ഗോളിന് തരിപ്പണമാക്കിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി ആസ്റ്റണ്‍ വില്ലയെ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് തോല്‍പിച്ചത്.

ഇരുപത്തിനാല് കൊല്ലത്തിനുശേഷമുള്ള പ്രീമിയര്‍ലീഗിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ് ലെസ്റ്റര്‍ പത്തംഗ സൗത്താംപ്ടണെതിരേ നേടിയത്. അവര്‍ക്കുവേണ്ടി പെരസും വാര്‍ഡിയും ഹാട്രിക് നേടി. പത്താം മിനിറ്റില്‍ ചില്‍വെല്ലാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. ടെലിമാന്‍സും മാഡിസണുമാണ് മറ്റ് സ്‌കോറര്‍മാര്‍. 19, 39, 57 മിനിറ്റുകളിലായിരുന്നു പെരസിന്റെ ഗോളുകള്‍. വാര്‍ഡി 45, 58, 94 മിനിറ്റുകളിലും ലക്ഷ്യം കണ്ടു. അവസാനത്തേത് പെനാല്‍റ്റിഗോളായിരുന്നു.

പെരസിനെ ഫൗള്‍ ചെയ്തതിന് റ്യാന്‍ ബെര്‍ട്രാന്‍ഡ് ചുവപ്പ് കാര്‍ഡ് കണ്ടതോടെയാണ് സൗത്താംപ്ടണ്‍ പത്തു പേരായി ചുരുങ്ങിയത്. ക്ലബിന്റെ മുന്‍ ചെയര്‍മാന്‍ വിചായി ശ്രിവധനപ്രഭ ന്തശലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിന് രണ്ട് വര്‍ഷം തികയുന്നതിന് രണ്ട് ദിവസം മുന്‍പാണ് ക്ലബ് മിന്നാന്നൊരു ചരിത്രവിജയം സ്വന്തമാക്കിയത്.

പ്രീമിയര്‍ ലീഗിന്റെ 131 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ എവെ വിജയമാണിത്. ഒരു പ്രീമിയര്‍ലീഗ് ക്ലബ് നേരിടുന്ന ഏറ്റവും വലിയ മാര്‍ജിനിലെ തോല്‍വി കൂടിയായി ഇത്.

ഈ ജയത്തോടെ ലെസ്റ്റര്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്ന് ലീഗില്‍ രണ്ടാമതായി. പത്ത് കളികളില്‍ നിന്ന് ഇരുപത് പോയിന്റാണ് അവര്‍ക്കുള്ളത്. ഒന്‍പത് കളികളില്‍ നിന്ന് 25 പോയിന്റുള്ള ലിവര്‍പൂളാണ് ഒന്നാമത്.

എന്നാല്‍, ആസ്റ്റണ്‍ വില്ലയെ തകര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനം പിടിച്ചെടുത്തു. പത്ത് കളികള്‍ പൂര്‍ത്തിയായപ്പോള്‍ അവര്‍ക്ക് 22 പോയിന്റായി. ലെസ്റ്ററിനുമേല്‍ രണ്ട് പോയിന്റിന്റെ ലീഡ്. എങ്കിലും ഒരു മത്സരം കുറച്ചു കളിച്ച ലിവപൂള്‍ മൂന്ന് പോയിന്റ് അകലെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഞായറാഴ്ച ടോട്ടനമുമായാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം.

രണ്ടാം പകുതിയിലായിരുന്നു സിറ്റിയുടെ ഗോളുകളെല്ലാം. നാല്‍പത്തിയാറാം മിനിറ്റില്‍ റഹീം സ്‌റ്റെര്‍ലിങ്ങാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. അറുപത്തിയഞ്ചാം മിനിറ്റില്‍ ഗുന്‍ഡോഗന്‍ ലീഡുയര്‍ത്തി. എണ്‍പത്തിയേഴാം മിനിറ്റില്‍ ഫെര്‍ഡിന്യോ പട്ടിക തികച്ചു.

Content Highlights: English Premier League Leicester City Southampton Manchester City  Liverpool