ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ആദ്യ ജയം. മൂന്നാം മത്സരത്തില്‍ നോര്‍വിച്ച് സിറ്റിയെ രണ്ടിനെതിരം മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സി തോല്‍പിച്ചത്. യുവ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ടാമ്മി അബ്രഹാമിന്റെ ഇരട്ടഗോളാണ് ചെല്‍സിക്ക് തുണയായത്.

മൂന്നാം മിനിറ്റിലാണ് ടാമ്മി അബ്രഹാമിന്റെ ഗോളില്‍ ചെല്‍സി ആദ്യം ലീഡ് നേടിയത്. മൂന്ന് മിനിറ്റിനുള്ളില്‍ ഫിന്നിഷ് താരം ടീമു പുക്കിയുടെ ക്രോസില്‍ നിന്ന് മിഡ്ഫീല്‍ഡര്‍ ടോഡ് കാന്റ്‌വെല്‍ നോര്‍വിച്ചിനെ ഒപ്പമെത്തിച്ചു.

പതിനേഴാം മിനിറ്റില്‍ ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ മേസണ്‍ മൗണ്ട് വീണ്ടും ചെല്‍സിയെ മുന്നിലെത്തിച്ചു. മുപ്പതാം മിനിറ്റില്‍ സീസണിലെ രണ്ടാം ഗോളിലൂടെ പുക്കി നോര്‍വിച്ചിനെ ഒരിക്കല്‍ക്കൂടി ഒപ്പമെത്തിച്ചു.

അറുപത്തിയെട്ടാം മിനിറ്റിലായിരുന്നു ടാമ്മിയുടെ രണ്ടാം ഗോള്‍.

മൂന്ന് മത്സരങ്ങള്‍ കളിച്ചപ്പോള്‍ നാല് പോയിന്റുമായി പത്താം സ്ഥാനത്താണ ചെല്‍സി. ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോറ്റ ചെല്‍സി രണ്ടാം മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയോട് സമനില വഴങ്ങുകയായിരുന്നു.

മൂന്ന് കളികളില്‍ നിന്ന് മൂന്ന് പോയിന്റുള്ള നോര്‍വിച്ച് പതിമൂന്നാം സ്ഥാനത്താണ്. ന്യൂകാസിലിനോടാണ് അവര്‍ വിജയിച്ചത്.

Content Highlights: English Premier League Football Chelsea Norwich City