കോഴിക്കോട്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബായ ഷെഫീല്‍ഡ് യുണൈറ്റഡ് കോഴിക്കോട് ആസ്ഥാനമായ ക്വാര്‍ട്സ് ക്ലബ്ബിനെ ഏറ്റെടുത്തു. 

കേരള ക്ലബ്ബിനെ ഏറ്റെടുത്ത കാര്യം ഷെഫീല്‍ഡ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കമ്പനി രജിസ്ട്രേഷന്‍ അടക്കമുള്ള സാങ്കേതികകാര്യങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. 

ക്വാര്‍ട്സിന്റെ പേര് 'കേരള യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബ് ' എന്നാക്കിയിട്ടുണ്ട്. മലപ്പുറത്തായിരിക്കും ഹോം ഗ്രൗണ്ട്. കളിക്കാരെ എടുക്കുന്നതടക്കമുള്ള കാര്യങ്ങളുമായി അധികൃതര്‍ മുന്നോട്ടുപോകുന്നു. ഇന്ത്യന്‍ ഫുട്ബോളില്‍ വേരുറപ്പിക്കാനും ആരാധകസമ്പത്ത് കൂട്ടാനുമാണ് ഇംഗ്ലീഷ് വമ്പന്‍മാര്‍ എത്തുന്നത്. 

ഷെഫീല്‍ഡിന്റെ ഉടമകള്‍ക്ക് അല്‍ ഹിലാല്‍ ക്ലബ്ബ് (സൗദി), ഹിലാല്‍ യുണൈറ്റഡ് (ദുബായ്), ബിയര്‍ഷോട്ട് (ബെല്‍ജിയം) ക്ലബ്ബുകള്‍കൂടി സ്വന്തമായുണ്ട്. ക്ലബ്ബ് ഡയറക്ടര്‍ യാന്‍ വാന്‍ വിങ്കല്‍, ക്ലബ്ബ് പ്രതിനിധികളും മലയാളികളുമായ ഷബീര്‍ മണ്ണാരില്‍, സൈനുദ്ദീന്‍ കക്കാട്ടില്‍, സക്കരിയ വയനാട് എന്നിവരാണ് ഏറ്റെടുക്കലിന് നേതൃത്വം നല്‍കുന്നത്. ആദ്യ സീസണില്‍ കേരള പ്രീമിയര്‍ ലീഗും ഐ ലീഗ് രണ്ടാം ഡിവിഷനും കളിക്കാനാണ് കേരള യുണൈറ്റഡ് ലക്ഷ്യമിടുന്നത്. നല്ല പിന്തുണ ലഭിച്ചാല്‍ പദ്ധതികള്‍ വിപുലീകരിക്കും.

ആഗോളതലത്തില്‍ ഫുട്ബോളില്‍ കൂടുതല്‍ നിക്ഷേപമിറക്കുന്നതിന്റെ ഭാഗമായാണ് ഷെഫീല്‍ഡ് മാനേജ്മെന്റ് ഇന്ത്യന്‍ ഫുട്ബോളിലേക്ക് എത്തുന്നത്.

''ഇംഗ്ലീഷ് ഫുട്ബോളിലെ വലിയ ക്ലബ്ബുകളിലൊന്നായ ഷെഫീല്‍ഡ് യുണൈറ്റഡ് കേരള ഫുട്ബോളിലേക്ക് വരുന്നത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. കോഴിക്കോട്ടെ ക്ലബ്ബിനെ വിട്ടുകൊടുത്തത് ഗുണപരമായ മാറ്റങ്ങള്‍ക്കായാണ്.'' - പി. ഹരിദാസ് (സെക്രട്ടറി, കോഴിക്കോട് ജില്ല ഫുട്ബോള്‍ അസോസിയേഷന്‍).

Content Highlights: english premier league club Sheffield United take over Kerala Club