Photo: twitter.com/premierleague
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ചെല്‍സിയ്ക്ക് സമനില. ലെസ്റ്റര്‍ സിറ്റിയാണ് ചെല്‍സിയെ സമനിലയില്‍ കുരുക്കിയത്. മറ്റ് മത്സരങ്ങളില്‍ ആസ്റ്റണ്‍ വില്ലയെ ബേണ്‍ലി സമനിലയില്‍ തളച്ചപ്പോള്‍ എവര്ട്ടണ് ക്രിസ്റ്റല്‍ പാലസിനെ വീഴ്ത്തി.
ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ജെയിംസ് മാഡിസണിലൂടെ ലെസ്റ്റര്‍ ആറാം മിനിറ്റില്‍ തന്നെ ലീഡെടുത്തു. എന്നാല്‍ 34-ാം മിനിറ്റില്‍ മാര്‍ക്കോസ് അലോണ്‍സോ ആതിഥേയര്‍ക്ക് സമനില സമ്മാനിച്ചു. ഈ സമനിലയോടെ ചെല്‍സി 37 മത്സരങ്ങളില്‍ നിന്ന് 71 പോയന്റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു. ഇത്രയും മത്സരങ്ങളില്‍ നിന്ന് 49 പോയന്റുള്ള ലെസ്റ്റര്‍ ഒന്‍പതാമതാണ്.
ആസ്റ്റണ്‍ വില്ലയെ ബേണ്‍ലി 1-1 എന്ന സ്കോറിന് സമനിലയില്‍ പിടിച്ചു. പുറത്താകല്‍ ഭീഷണി നേരിടുന്ന ബേണ്ലിയ്ക്ക് ഏറെ ആശ്വാസം പകരുന്ന സമനിലയാണിത്. 45-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ആഷ്ലി ബാണ്‍സ് ബേണ്ലിയ്ക്ക് ലീഡ് സമ്മാനിച്ചു. എന്നാല്‍ 48-ാം മിനിറ്റില്‍ എബി ബ്യൂയെന്ഡിയയിലൂടെ ആസ്റ്റണ്‍ വില്ല സമനില നേടി. നിലവില്‍ വില്ല 14-ാം സ്ഥാനത്തും ബേണ്‍ലി 17-ാമതുമാണ്.
Also Read
എവര്ട്ടണ് രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ക്രിസ്റ്റല്‍ പാലസിനെ തകര്‍ത്തു. രണ്ട് ഗോളിന് പിന്നില്‍ നിന്നശേഷമാണ് എവര്ട്ടണ് വിജയം പിടിച്ചെടുത്തത്. ക്രിസ്റ്റല്‍ പാലസിനായി ജീന്‍ ഫിലിപ്പെ മറ്റേറ്റയും ജോര്‍ദാന്‍ അയേവുവും ആദ്യ പകുതിയില്‍ ലീഡ് സമ്മാനിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി മറിഞ്ഞു. മൈക്കിള്‍ കീന്‍, റിച്ചാര്ലിസണ്, ഡൊമിനിക്ക് കാള്‍വെര്‍ട്ട് ലെവിന്‍ എന്നിവരിലൂടെ എവര്ട്ടണ് തിരിച്ചടിച്ച് വിജയം നേടി.
ഈ വിജയത്തോടെ എവര്ട്ടണ് തരംതാഴ്ത്തല്‍ ഭീഷണി ഒഴിവാക്കി. നിലവില്‍ 16-ാം സ്ഥാനത്താണ് നീലപ്പട. ക്രിസ്റ്റല്‍ പാലസ് 13-ാം റാങ്കിലാണ്. ഇനി ലീഗിലെ എല്ലാ ടീമുകള്‍ക്കും ഒരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..