ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് കരുത്തരായ ലിവര്‍പൂളും ചെല്‍സിയും മാഞ്ചെസ്റ്റര്‍ സിറ്റിയും. ലിവര്‍പൂള്‍ എവര്‍ട്ടണെ തകര്‍ത്തപ്പോള്‍ ചെല്‍സി വാറ്റ്‌ഫോര്‍ഡിനെ മറികടന്നു. സിറ്റി ആസ്റ്റണ്‍ വില്ലയെയാണ് കീഴടക്കിയത്. 

എവര്‍ട്ടന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ വിജയം. മുഹമ്മദ് സല ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍, ഡിയാഗോ ജോട്ട എന്നിവരും ലിവര്‍പൂളിന് വേണ്ടി ലക്ഷ്യം കണ്ടു. എവര്‍ട്ടണിനുവേണ്ടി ഡെമറായ് േ്രഗ ആശ്വാസ ഗോള്‍ നേടി. മികച്ച ഫോമില്‍ കളിക്കുന്ന മുഹമ്മദ് സല ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ 13 ഗോളുകളുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. 

സിറ്റി ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ആസ്റ്റണ്‍ വില്ലയെ കീഴടക്കി. സിറ്റിയ്ക്ക് വേണ്ടി റൂബന്‍ ഡയസും ബെര്‍ണാഡോ സില്‍വയും ലക്ഷ്യം കണ്ടപ്പോള്‍ ആസ്റ്റണ്‍ വില്ലയ്ക്ക് വേണ്ടി ഓലി വാറ്റ്കിന്‍സ് സ്‌കോര്‍ ചെയ്തു. സ്റ്റീവന്‍ ജെറാര്‍ഡ് പരിശീലകനായി സ്ഥാനമേറ്റ ശേഷം ആസ്റ്റണ്‍ വില്ല വഴങ്ങുന്ന ആദ്യ തോല്‍വിയാണിത്. 

ചെല്‍സി ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് വാറ്റ്‌ഫോര്‍ഡിനെ കീഴടക്കിയത്. മേസണ്‍ മൗണ്ട്, ഹക്കിം സിയെച്ച് എന്നിവര്‍ ചെല്‍സിയ്ക്ക് വേണ്ടി വലകുലുക്കിയപ്പോള്‍ ഇമ്മാനുവേല്‍ ബോണാവെന്‍ച്വര്‍ വാറ്റ്‌ഫോര്‍ഡിന് വേണ്ടി ആശ്വാസ ഗോള്‍ നേടി. 

മറ്റ് മത്സരങ്ങളില്‍ ലെസ്റ്ററിനെ സതാംപ്ടണും (2-2), വെസ്റ്റ് ഹാമിനെ ബ്രൈട്ടണും (1-1), വോള്‍വ്‌സിനെ ബേണ്‍ലിയും (0-0) ന്യൂകാസില്‍ യുണൈറ്റഡിനെ നോര്‍വിച്ച് സിറ്റിയും (1-1) സമനിലയില്‍ തളച്ചു. 

Content Highlights: English premier league 2021-22 round 14 results