ലണ്ടന്‍: യൂറോപ്പില്‍ വമ്പന്‍ ഫുട്ബോള്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ലീഗ്, സ്പാനിഷ് ലാലിഗ, ജര്‍മന്‍ ബുണ്ടസ് ലിഗ എന്നിവയ്ക്ക് വെള്ളിയാഴ്ച രാത്രി കിക്കോഫാകും. ഫ്രഞ്ച് ലീഗ് വണ്‍ നേരത്തേ തുടങ്ങിയിരുന്നു.

പ്രീമിയര്‍ പോരാട്ടങ്ങള്‍

ബിഗ് സിക്‌സ് ക്ലബ്ബുകളുടെ പോരാട്ടമാകും ഇത്തവണയും ഇംഗ്ലീഷ് ലീഗില്‍. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റി, രണ്ടാം സ്ഥാനക്കാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, മുന്‍ ചാമ്പ്യന്മാരായ ലിവര്‍പൂള്‍, ചെല്‍സി, ആഴ്സനല്‍, ടോട്ടനം ടീമുകളാണ് കിരീടപോരാട്ടത്തിലുള്ളത്. ആദ്യമത്സരം ബ്രെന്റ്ഫോഡ്- ആഴ്സനല്‍ (വെള്ളിയാഴ്ച രാത്രി 12.30)

ഗ്രീലിഷിന്റെ വരവ്

നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചെസ്റ്റര്‍ സിറ്റിയിലേക്ക് മധ്യനിരതാരം ജാക് ഗ്രീലിഷ് എത്തിയത് ഗുണകരമാകും. സെര്‍ജി അഗ്യൂറോ, എറിക് ഗാര്‍ഷ്യ തുടങ്ങിയവര്‍ സിറ്റി വിട്ടു. ക്ലിനിക്കല്‍ ഫിനിഷറുടെ അഭാവം ടീമിനുണ്ട്. കിരീടം- 5

തിരിച്ചുപിടിക്കാന്‍ ലിവര്‍പൂള്‍

കിരീടം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ലിവര്‍പൂള്‍. അതിനുള്ള തന്ത്രങ്ങളിലാണ് പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ്. ഇത്തവണ ക്ലബ്ബ് കാര്യമായ ട്രാന്‍സ്ഫറുകള്‍ നടത്തിയിട്ടില്ല. ജോര്‍ജീന്യോ വൈനാള്‍ഡം ടീം വിട്ടത് തിരിച്ചടിയാകും. മുന്നേറ്റത്തില്‍ സാദിയോ മാനെ- മുഹമ്മദ് സല- റോബര്‍ട്ടോ ഫിര്‍മിനോ ത്രയം കളിക്കും. കിരീടം-1

ഫോം തുടരാന്‍ ചെല്‍സി

കഴിഞ്ഞ സീസണില്‍ ടീമിലെത്തിയവരില്‍ ചെല്‍സി വിശ്വാസമര്‍പ്പിക്കുന്നു. സൂപ്പര്‍ കപ്പ് വിജയം ടീമിന് ആത്മവിശ്വാസം പകരുന്നു. തോമസ് ടുച്ചലിന്റെ കീഴില്‍ ചാമ്പ്യന്‍സ് ലീഗ് നേടിയ ടീം ഇത്തവണ ഉറച്ച കിരീടപ്രതീക്ഷയിലാണ്. കിരീടം-5

സാഞ്ചോയും വരാനും

മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഇത്തവണ ട്രാന്‍സ്ഫര്‍ വിപണിയില്‍ പണമിറക്കി കളിച്ചു. യുവ വിങ്ങര്‍ ജേഡന്‍ സാഞ്ചോയെയും പരിചയസമ്പന്നനായ പ്രതിരോധ താരം റാഫേല്‍ വരാനേയും ടീമിലെത്തി. കിരീടം-13

പരീക്ഷണത്തിന് ആഴ്സനല്‍

കഴിഞ്ഞ സീസണിലെ പരീക്ഷണങ്ങളുടെ തുടര്‍ച്ചയാണ് പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ലക്ഷ്യമിടുന്നത്. ബെന്‍ വൈറ്റ്, നുനോ ടവാറെസ് എന്നിവരെ ടീമിലെത്തിച്ചു. ഡേവിഡ് ലൂയിസ്, മാറ്റിയോ ഗുയ്ന്‍ഡൗസി തുടങ്ങിയവര്‍ ടീം വിട്ടു. കിരീടം-3

കപ്പ് മോഹിച്ച് ടോട്ടനം

പ്രീമിയര്‍ ലീഗില്‍ കപ്പുയര്‍ത്താന്‍ ക്ലബ്ബ് മോഹിച്ചിട്ട് കാലമൊരുപാടായി. മൗറീഷ്യോ പൊച്ചെറ്റിനോയും ഹൗസെ മൗറീന്യോയും ശ്രമിച്ചിട്ട് നടത്താന്‍ കഴിയാത്തത് പോര്‍ച്ചുഗലുകാരന്‍ നുനോ എസ്പിരിറ്റോ സാന്റോയിലൂടെ നടക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content Highlights: English Premier League 2021-2022 season starts