ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അപരാജിതക്കുതിപ്പ് തുടര്‍ന്ന് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റി. അവസാന മത്സരത്തില്‍ ബ്രെന്റ്‌ഫോര്‍ഡിനെയാണ് സിറ്റി കീഴടക്കിയത്. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ചെല്‍സി സമനിലയില്‍ കുരുങ്ങി. 

സിറ്റി എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രെന്റ്‌ഫോര്‍ഡിനെ കീഴടക്കിയത്. 16-ാം മിനിറ്റില്‍ യുവതാരം ഫില്‍ ഫോഡനാണ് സിറ്റിയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയത്. ഈ വിജയത്തോടെ സിറ്റി പോയന്റ് പട്ടികയില്‍ ഏറെ ദൂരം മുന്നിലെത്തി. 20 മത്സരങ്ങളില്‍ നിന്ന് 50 പോയന്റാണ് സിറ്റിയ്ക്കുള്ളത്. രണ്ടാമതുള്ള ചെല്‍സിയ്ക്ക് ഇത്രയും മത്സരങ്ങളില്‍ നിന്ന് 42 പോയന്റ് മാത്രമാണുള്ളത്. എട്ട് പോയന്റിന്റെ വ്യത്യാസത്തില്‍ കിരീടപ്പോരാട്ടത്തില്‍ സിറ്റിയ്ക്ക് വ്യക്തമായ ആധിപത്യമുണ്ട്. 

താരതമ്യേന ദുര്‍ബലരായ ബ്രൈട്ടണാണ് ചെല്‍സിയെ സമനിലയില്‍ പിടിച്ചത്. 28-ാം മിനിറ്റില്‍ റൊമേലു ലുക്കാക്കുവിലൂടെ ചെല്‍സി ലീഡെടുത്തെങ്കിലും മത്സരമവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്‍ജുറി ടൈമില്‍ ഗോളടിച്ച് ഡാനി വെല്‍ബെക്ക് ബ്രൈട്ടണ് സമനില സമ്മാനിച്ചു. ഈ സമനില ചെല്‍സിയുടെ കിരീടമോഹത്തിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. സമനിലയോടെ ബ്രൈട്ടണ്‍ 18 മത്സരങ്ങളില്‍ നിന്ന് 24 പോയന്റുമായി പോയന്റ് പട്ടികയില്‍ പത്താം സ്ഥാനത്ത് നില്‍ക്കുന്നു. 

Content Highlights: English Premier League 2021-2022 results, manchester city, chelsea