ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയത്തോടെ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി മാഞ്ചെസ്റ്റര്‍ സിറ്റി. ഷെഫീല്‍ഡ് യുണൈറ്റഡിനെ കീഴടക്കി രണ്ടാം സ്ഥാനത്തുള്ള മാഞ്ചെസ്റ്റര്‍ യുണൈറ്റഡുമായി മൂന്നു പോയന്റിന്റെ നിര്‍ണായക ലീഡ് നേടാനും സിറ്റിയ്ക്ക് സാധിച്ചു.

ഷെഫീല്‍ഡ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി കീഴടക്കിയത്. ഒന്‍പതാം മിനിട്ടില്‍ ഗബ്രിയേല്‍ ജെസ്യൂസാണ് ടീമിനായി വിജയ ഗോള്‍ നേടിയത്. പരിശീലകൻ എന്ന നിലയിൽ സിറ്റിയുടെ പരിശീലകൻ പെപ്പ് ​ഗാർഡിയോള കൈവരിക്കുന്ന 500-ാം വിജയമാണിത്.

മറ്റൊരു മത്സരത്തില്‍ കരുത്തരുടെ പോരാട്ടത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ആഴ്‌സനല്‍ സമനിലയില്‍ തളച്ചു. ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. മത്സരത്തിന്റെ ഭൂരിഭാഗ സമയം പന്ത് കൈവശം വെച്ചിട്ടും ഗോള്‍ നേടാന്‍ യുണൈറ്റഡിന് സാധിച്ചില്ല. കഴിഞ്ഞ മത്സരത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനോട് ടീം തോല്‍വി വഴങ്ങിയിരുന്നു. തുടര്‍ച്ചയായ തോല്‍വിയും സമനിലയും യുണൈറ്റഡിന്റെ കിരീടമോഹങ്ങള്‍ക്ക് തിരിച്ചടി സമ്മാനിച്ചു.

മറ്റൊരു മത്സരത്തില്‍ കരുത്തരായ സതാംപ്ടണെ ആസ്റ്റണ്‍ വില്ല അട്ടിമറിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് ടീമിന്റെ വിജയം. വില്ലയ്ക്കായി റോസ് ബാര്‍ക്ലി ഗോള്‍ നേടി. 

എവര്‍ട്ടണും തോല്‍വി വഴങ്ങി. ന്യൂകാസില്‍ യുണൈറ്റഡ് എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ടീമിനെ പരാജയപ്പെടുത്തിയത്. കാല്ലം വില്‍സണ്‍ ടീമിനായി ഇരട്ട ഗോളുകള്‍ നേടി. 

മറ്റു മത്സരങ്ങളില്‍ വോള്‍വ്‌സിനെ ക്രിസ്റ്റല്‍ പാലസ് അട്ടിമറിച്ചപ്പോള്‍ ഫുള്‍ഹാമിനെ വെസ്റ്റ് ബ്രോം സമനിലയില്‍ തളച്ചു.

നിലവില്‍ 20 മത്സരങ്ങളില്‍ നിന്നും 44 പോയന്റുള്ള സിറ്റി ഒന്നാമതും 21 മത്സരങ്ങളില്‍ നിന്നും 44 പോയന്റുള്ള യുണൈറ്റഡ് രണ്ടാമതും തുടരുന്നു. 20 മത്സരങ്ങളില്‍ നിന്നും 39 പോയന്റുള്ള ലെസ്റ്റര്‍ സിറ്റി നാലാമതും ഇത്രയും മത്സരങ്ങളില്‍ നിന്നും 37 പോയന്റുള്ള ലിവര്‍പൂള്‍ നാലാമതുമാണ്. 

Content Highlights: English premier league 2020-2021 round 20 match results