ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂളും ടോട്ടനവും സമനിലയില്‍ കുരുങ്ങി. ലിവര്‍പൂളിനെ വെസ്റ്റ്‌ബ്രോമും ടോട്ടനത്തെ വോള്‍വ്‌സുമാണ് സമനിലയില്‍ കുരുക്കിയത്. മറ്റൊരു മത്സരത്തില്‍ വെസ്റ്റ് ഹാം ബ്രൈട്ടണോട് സമനില വഴങ്ങിയപ്പോള്‍ ബേണ്‍ലിയെ ലീഡ്‌സ് യുണൈറ്റഡ് പരാജയപ്പെടുത്തി.

ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടി. 12-ാം മിനിട്ടില്‍ സാദിയോ മാനെയിലൂടെ ലിവര്‍പൂളാണ് ലീഡെടുത്തത്. എന്നാല്‍ 82-ാം മിനിട്ടില്‍ സെമി അജായിയിലൂടെ വെസ്റ്റ്‌ബ്രോം സമനില ഗോള്‍ നേടി. സമനില വഴങ്ങിയെങ്കിലും 15 മത്സരങ്ങളില്‍ നിന്നും 29 പോയന്റുമായി ലിവര്‍പൂള്‍ തന്നെയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. 

ടോട്ടനവും വോള്‍വ്‌സും ഓരോ ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. ആദ്യ മിനിട്ടില്‍ തന്നെ ടാങ്ഗുയിയിലൂടെ ടോട്ടനം ലീഡെടുത്തെങ്കിലും 86-ാം മിനിട്ടില്‍ സായിസ് വോള്‍വ്‌സിനായി സമനില ഗോള്‍ നേടി. സമനിലയോടെ ടോട്ടനം അഞ്ചാം സ്ഥാനത്തേക്ക് വീണു. 

വെസ്റ്റ് ഹാമും ബ്രൈട്ടണും രണ്ടുഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞപ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന് ബേണ്‍ലിയെ ലീഡ്‌സ് പരാജയപ്പെടുത്തി.

Content Highlights: English Premier League 2020-2021 results