ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ കരുത്തരായ ചെല്‍സിയെ കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റി. എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റിയുടെ വിജയം. അതേസമയം പരാജയമറിയാതെ കുതിച്ച മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി. ആസ്റ്റണ്‍ വില്ലയാണ് ചുവന്ന ചെകുത്താന്മാരെ അട്ടിമറിച്ചത്. 

തുല്യ ശക്തികളുടെ പോരാട്ടത്തില്‍ സിറ്റിയ്ക്ക് വേണ്ടി 53-ാം മിനിട്ടില്‍ ബ്രസീല്‍ താരം ഗബ്രിയേല്‍ ജെസ്യൂസാണ് വിജയ ഗോള്‍ നേടിയത്. ഇതോടെ പ്രീമിയര്‍ ലീഗില്‍ പരാജയമറിയാതെയുള്ള ചെല്‍സിയുടെ കുതിപ്പ് അവസാനിച്ചു. മത്സരത്തില്‍ സിറ്റി തന്നെയാണ് ആധിപത്യം പുലര്‍ത്തിയത്. 

പ്രതിരോധതാരം കാന്‍സലോയുടെ ഗോള്‍ശ്രമമാണ് ഗോളില്‍ കലാശിച്ചത്. ബോക്‌സിന് പുറത്തുനിന്ന് കാന്‍സലോ തൊടുത്ത പന്ത് ജെസ്യൂസിന്റെ കാലിലേക്കാണ് എത്തിയത്. പാസ് സ്വീകരിച്ച ജെസ്യൂസ് ചെല്‍സിയുടെ പ്രതിരോധതാരങ്ങളായ തിയാഗോ സില്‍വയെയും റൂഡിഗറിനെയും കബിളിപ്പിച്ച് മനോഹരമായ ഫിനിഷിലൂടെ പന്ത് വലയിലെത്തിച്ചു. ഗോള്‍കീപ്പര്‍ മെന്‍ഡിയ്ക്ക് ഇത് നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ. 

ആസ്റ്റണ്‍ വില്ല എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ കീഴടക്കിയത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും യുണൈറ്റഡ് തോല്‍വി രുചിച്ചു. മത്സരമവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കിനില്‍ക്കേ 88-ാം മിനിട്ടില്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ കോര്‍ട്‌നി ഹൗസാണ് വില്ലയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. മത്സരം സമനിലയിലേക്ക് നീങ്ങുന്നത് കണ്ട യുണൈറ്റഡ് പരിശീലകന്‍ ഒലെ ഗുണ്ണാര്‍ സോള്‍ഷ്യര്‍ പ്രതിരോധതാരം ഹാരി മഗ്വയറിനെ പിന്‍വലിച്ച് പകരം മുന്നേറ്റതാരം കവാനിയെ കൊണ്ടുവന്നു. ഇതാണ് ഗോളിന് വഴിവെച്ചത്.

ഒരു പ്രതിരോധതാരം കുറഞ്ഞതോടെ ബോക്‌സിനകത്ത് കിട്ടിയ അവസരം വില്ല നന്നായി ഉപയോഗിച്ചു. ഗോള്‍ വഴങ്ങിയതിനുപിന്നാലെ യുണൈറ്റഡിന് 90-ാം മിനിട്ടില്‍ പെനാല്‍ട്ടി ലഭിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസാണ് യുണൈറ്റഡിന് വേണ്ടി കിക്കെടുത്തത്. എന്നാല്‍ താരത്തിന്റെ ശക്തിയേറിയ കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. പെനാല്‍ട്ടി എടുക്കുന്നതില്‍ വിദഗ്ധരായ റൊണാള്‍ഡോ, കവാനി എന്നിവരുണ്ടായിട്ടും ബ്രൂണോയ്ക്ക് അവസരം നല്‍കിയ സോള്‍ഷ്യര്‍ക്കെതിരേ ആരാധകര്‍ ശബ്ദമുയര്‍ത്തിത്തുടങ്ങി. വൈകാതെ മത്സരത്തില്‍ യുണൈറ്റഡ് പരാജയപ്പെട്ടു. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും അത് മുതലാക്കാന്‍ ചുവന്ന ചെകുത്താന്മാര്‍ക്ക് സാധിച്ചില്ല. 

ഈ വിജയത്തോടെ മാഞ്ചെസ്റ്റര്‍ സിറ്റി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ആറുമത്സരങ്ങളില്‍ നിന്ന് 13 പോയന്റാണ് ടീമിനുള്ളത്. ഇത്രയും പോയന്റുള്ള ചെല്‍സി മൂന്നാം സ്ഥാനത്തും യുണൈറ്റഡ് നാലാമതും നില്‍ക്കുന്നു. ഗോള്‍വ്യത്യാസമാണ് സിറ്റിയ്ക്ക് തുണയായത്. ചെല്‍സിയും യുണൈറ്റഡും തോറ്റതോടെ ലിവര്‍പൂള്‍ പോയന്റ് പട്ടികയില്‍ ഒന്നാമത്തെത്തി. 

Content Highlights: English Premier League 2020-2021, Manchester City,Manchester United, Chelsea