ലണ്ടന്‍: യൂറോകപ്പിന് മുന്നോടിയായുള്ള സൗഹൃദ ഫുട്ബോളിൽ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. അയര്‍ലന്‍ഡിനെയാണ് ഇംഗ്ലണ്ട് തകര്‍ത്തുവിട്ടത്. എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ത്രീലയണ്‍സിന്റെ വിജയം.

പ്രമുഖ താരങ്ങള്‍ പുറത്തിരുന്നിട്ടും തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ട് പുറത്തെടുത്തത്. ക്യാപ്റ്റന്‍ ഹാരി മഗ്വയര്‍, ജേഡന്‍ സാഞ്ചോ, ഡൊമിനിക്ക് കാള്‍വെര്‍ട്ട് ലെവിന്‍ എന്നിവര്‍ ഇംഗ്ലണ്ടിന് വേണ്ടി സ്‌കോര്‍ ചെയ്തു. 1985 ന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് അയര്‍ലന്‍ഡിനെതിരെ ഒരു മത്സരത്തില്‍ ജയിക്കുന്നത്. 

ഹാരി കെയ്ന്‍, റഹീം സ്റ്റെര്‍ലിങ്, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ഹെന്‍ഡേഴ്‌സണ്‍, അര്‍ണോള്‍ഡ്, പിക്ക്‌ഫോര്‍ഡ് തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് കോച്ച് സൗത്ത്‌ഗേറ്റ് വിശ്രമം അനുവദിച്ചു. 

ഗോള്‍ നേടാനായില്ലെങ്കിലും ജാക്ക് ഗ്രീലിഷിന്റെ മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. നിരന്തരം അവസരങ്ങള്‍ സൃഷ്ടിച്ച് ഗ്രീലിഷ് അയര്‍ലന്‍ഡിന് തലവേദന സൃഷ്ടിച്ചു. അയര്‍ലന്‍ഡിന് വേണ്ടി അണ്ടര്‍ 21 കളിച്ച താരമാണ് ഗ്രീലിഷ്. 

ഇംഗ്ലണ്ടിന് വേണ്ടി യുവതാരം ജൂഡ് ബെല്ലിംഗ്ഹാം അരങ്ങേറ്റം കുറിച്ചു. 17 വയസ്സ് മാത്രം പ്രായമുള്ള ജൂഡ് ഇംഗ്ലണ്ടിന് വേണ്ടി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ്. 

മറ്റ് സൗഹൃദമത്സരങ്ങളില്‍ വെയ്ല്‍സ് അമേരിക്കയോടും റഷ്യ മോള്‍ഡോവയോയും സമനില വഴങ്ങി. 

Content Highlights: England strolled to victory against the Ireland in their friendly international at Wembley.